
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ സുഗമമായ ലാൻഡിംഗിന് തൊട്ടുമുമ്പ് മേഘങ്ങളിലൂടെ നീങ്ങുന്ന വിമാനത്തിന്‍റെ കോക്ക്പിറ്റ് വ്യൂ വീഡിയോ പങ്കുവച്ച് ഖത്തർ എയർവേയ്സ്. ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂവെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടി. ഖത്തറിൻറെ എയർബസ് എ380 വിമാനങ്ങളിലൊന്ന് കനത്ത മേഘങ്ങൾക്കിടയിലൂടെ ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോളുള്ള ഒരു അപൂർവ കാഴ്ചയായിരുന്നു അത്. ഖത്തർ എയർലൈനിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്.
റൺവേ ദൃശ്യമാകുന്നതിന് മുമ്പ് ചാരനിറത്തിലുള്ള കനത്ത മേഘപാളികളിലൂടെ വിമാനം ശാന്തമായി തെന്നിനീങ്ങുന്നത് വീഡിയോയിൽ കാണാം. പൈലറ്റുമാരുടെ വ്യൂ ആങ്കിളിൽ നിന്ന് ഒരു സിനിമാറ്റിക് നിമിഷം സൃഷ്ടിക്കപ്പെടുന്നു. വ്യോമയാന പ്രേമികളും സാധാരണ കാഴ്ചക്കാരും ഒരുപോലെ ശാന്തമായ ആ ദൃശ്യങ്ങളിലും ലാൻഡിംഗിൽ ഉൾപ്പെട്ടിരിക്കുന്ന കൃത്യതയിലും ആവേശം കൊണ്ടു. “ഞങ്ങളുടെ A380 ലണ്ടൻ ഹീത്രോയിൽ ഇറങ്ങുന്നു, മേഘങ്ങൾക്കിടയിലൂടെ തെന്നിമാറി, ചാരനിറത്തിലുള്ള ആകാശത്തെ ഓർമ്മിക്കാൻ ഒരു നിമിഷമാക്കി മാറ്റുന്നു. ” വീഡിയോ പങ്കുവെച്ചുകൊണ്ട് ഖത്തർ എയർവേയ്‌സ് എഴുതി. ഒറ്റ ദിവസം കൊണ്ട് വീഡിയോ 22 ലക്ഷം പേരാണ് കണ്ടത്.
പൈലറ്റുമാരുടെ കഴിവിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. മറ്റ് ചിലർ കോക്ക്പിറ്റിനുള്ളിലെ ശാന്തമായ അന്തരീക്ഷത്തെയും സുന്ദരമായ കാഴ്ചയെയും അഭിനന്ദിച്ചു. ഈ കാഴ്ച ഒരിക്കലും പഴയതാകില്ല, തുടക്കം മുതൽ അവസാനം വരെ പൂർണ്ണത കൈവരിക്കില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. ഇതുകൊണ്ടാണ് എനിക്ക് വ്യോമയാനം ഇഷ്ടം, ശാന്തവും ശക്തവും മനോഹരവും എല്ലാം ഒരേസമയമെന്നായിരുന്നു മറ്റൊരു കുറിപ്പ്. റൺവേ പ്രത്യക്ഷപ്പെടുന്ന ആ നിമിഷം മാന്ത്രികമാണെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. വീഡിയോ കാണുമ്പോൾ അടുത്ത യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ തോന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.