കടുത്ത ചൂടോ മഴയോ തന്റെ ജോലിയെ ബാധിക്കാറില്ലെന്ന് മുഖർജി പറയുന്നു. ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ സ്നേഹവും ബഹുമാനവുമാണ് തനിക്ക് ജോലി ചെയ്യാനുള്ള ശക്തി നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

എത്ര പ്രായമായാലും അധ്വാനിച്ച് ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അധ്വാനിക്കാതെ ജീവിക്കാൻ പറ്റാത്ത മനുഷ്യരുമുണ്ട്. അതുപോലെ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജംഷദ്പൂരിൽ സൈക്കിളിൽ കൊറിയർ ഡെലിവറി നടത്തുകയാണ് 79 -കാരനായ സി.കെ. മുഖർജി. മഹിമ ഭലോട്യ എന്ന യുവതിയാണ് അദ്ദേഹത്തെ കുറിച്ചുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഡി.ടി.ഡി.സി കൊറിയർ സർവീസിൽ കഴിഞ്ഞ 33 വർഷമായി സി.കെ. മുഖർജി ജോലി ചെയ്യുന്നുണ്ട്. ജംഷദ്പൂരിലെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം ഇന്നും സൈക്കിളിലാണ് കൊറിയർ എത്തിക്കുന്നത്. കടുത്ത ചൂടോ മഴയോ തന്റെ ജോലിയെ ബാധിക്കാറില്ലെന്ന് മുഖർജി പറയുന്നു. ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ സ്നേഹവും ബഹുമാനവുമാണ് തനിക്ക് ജോലി ചെയ്യാനുള്ള ശക്തി നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ആളുകളുടെ പിന്തുണയുടെയും സഹായത്തോടെയും അദ്ദേഹം തന്റെ കണ്ണിന് ശസ്ത്രക്രിയ നടത്തി. ഡോക്ടർ പറയുന്നത് പ്രകാരം തന്റെ ശരീരം ആരോഗ്യത്തോടെയുണ്ടെന്നും അടുത്ത 100 വർഷം സന്തോഷത്തോടെ ജീവിക്കാനാകുമെന്നുമാണ് അദ്ദേഹം പറയുന്നത്. തനിക്ക് ഭക്ഷണത്തിനായി 100 രൂപ നൽകിയ ഒരു അപരിചിതന്റെ സ്നേഹത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുക്കുന്നു. സ്വന്തം കുടുംബത്തെ പോറ്റാനും അന്തസ്സോടെ ജീവിക്കാനും ഈ ജോലിയാണ് അദ്ദേഹത്തിന് കരുത്താകുന്നത്.

View post on Instagram

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മുഖർജിയുടെ ആത്മാർത്ഥതയെയും കഠിനാധ്വാനത്തെയും പ്രശംസിക്കുകയാണ് നെറ്റിസൺസ്. 'തന്റെ തൊഴിലിനോട് ഇത്രയധികം അഭിമാനമുള്ള വ്യക്തി, ഈ ലോകം കുറച്ചുകൂടി മനോഹരമാക്കിയതിന് നന്ദി' എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഈ പ്രായത്തിലും ജോലി ചെയ്യാനും മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനുമുള്ള അദ്ദേഹത്തിന്റെ ഊർജ്ജത്തെയും ആളുകൾ പ്രശംസിച്ചു.