
ഒരു വാടകവീട്ടിലേക്ക് താമസം മാറുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് യുവതി. സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുക, അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങുക, പിന്നീട് മാസാമാസം വാടകയും കറന്റ് ബില്ലും അടയ്ക്കുക ഇത്ര മാത്രമേയുള്ളൂവെന്നാണ് പലരുടെയും ധാരണ. എന്നാൽ, താമസം മാറിക്കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും തീരാത്ത അപ്രതീക്ഷിത ചിലവുകളാണ് തന്നെ കാത്തിരുന്നതെന്ന് തുറന്നു പറയുകയാണ് സ്വാതി സിംഗ് എന്ന യുവതി. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തുടക്കത്തിലുള്ള ചിലവുകൾ മാത്രമാണ് വലിയ തുകയെന്നും പിന്നീട് വലിയ ചിലവുകൾ വരില്ലെന്നുമായിരുന്നു താൻ കരുതിയിരുന്നത്. എന്നാൽ, തനിക്ക് നേരെ വിപരീതമായ അനുഭവമാണ് ഉണ്ടായതെന്നും സ്വാതി പറയുന്നു.
'ഈ ഫ്ലാറ്റിലേക്ക് മാറിയതുമുതൽ ചിലവുകൾ അനന്തമായി പെരുകിക്കൊണ്ടേയിരിക്കുകയാണ്. വീട്ടിലെ ചെറിയ സാധനങ്ങൾ വാങ്ങി ഞാൻ മടുത്തു, വാടക കൊടുത്തു മടുത്തു, ഒടുവിൽ കറന്റ് ബില്ലിന്റെ അവസ്ഥ എന്താകുമെന്ന് പോലും എനിക്ക് ഊഹിക്കാനാവുന്നില്ല' അവർ കൂട്ടിച്ചേർത്തു.
മിക്ക ആളുകളുടെയും ചില്ലറ ചിലവുകൾ 2,000 മുതൽ 3,000 രൂപ വരെയായിരിക്കുമെങ്കിലും തന്റെ കാര്യത്തിൽ എല്ലാ ചിലവുകളും ഈ വിഭാഗത്തിലേക്ക് മാറുന്ന അവസ്ഥയാണെന്നും സ്വാതി പറയുന്നു. എവിടുന്നൊക്കെയോ 20,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും തനിക്ക് ഇതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും സ്വാതി പറഞ്ഞു.
സ്വാതിയുടെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് തങ്ങളുടെ സമാന അനുഭവങ്ങൾ പങ്കുവച്ചത്. വാടകയേക്കാൾ കൂടുതൽ തുക ഇത്തരം ചില്ലറ ചിലവുകൾക്കായി വരുന്നുണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത്തരം ഒളിഞ്ഞിരിക്കുന്ന ചിലവുകളെക്കുറിച്ച് ആരും മുന്നറിയിപ്പ് തരില്ലെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. പലരും സ്വാതിയുടെ വാക്കുകളെ പൂർണ്ണമായും ശരിവെക്കുകയും ഓരോ ആഴ്ചയും പുതുതായി എന്തെങ്കിലും വാങ്ങേണ്ട അവസ്ഥയാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.