
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞു. ഏകദേശം 16 കോടി രൂപ ചെലവഴിച്ച് നിർമിച്ച നന്ദ കി ചൗക്കി പാലം ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങൾക്കകം തന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി. റോഡ് തകർന്നതിന്‍റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പിന്നാലെ റോഡ് നിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചു.
ഇന്നലെ രാത്രി (27.7.2026) പെയ്ത മഴയെ തുടർന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ ഒരു ഭാഗം തകർന്ന് വലിയൊരു ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ ഡെറാഡൂൺ – പാവോണ്ട സാഹിബ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. 2025 -ലെ മഴക്കാലത്ത് നേരത്തെയുണ്ടായിരുന്ന പാലം തകർന്നിരുന്നു. ഇതിനെ തുടർന്ന് ദേശീയ പാതാ അഥോറിറ്റിയുടെ ധനസഹായത്തോടെയാണ് പുതിയ പാലം നിർമ്മിച്ചത്.
देहरादून में नए पुल पर बना यह गड्ढा सीधे CM ऑफिस पर जाकर निकलता है,
अब इसको भ्रष्टाचार नहीं तो क्या बोले??
उत्तराखंड📍 pic.twitter.com/FS3V9PQ86B— Cockroach Janta Party (@CJP_for_India) July 28, 2026
റോഡിൽ രൂപപ്പെട്ട ഗർത്തത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ പൊതുമരാമത്ത് പദ്ധതികളുടെ ഗുണനിലവാരത്തെയും നിർമാണ മേൽനോട്ടത്തെയും രൂക്ഷമായി വിമർശിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ച പദ്ധതി ആദ്യത്തെ ശക്തമായ മഴയിൽ തന്നെ ഇത്തരത്തിൽ തകർന്നത് അഴിമതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നത്. റോഡ് തകർന്നതിനെ കുറിച്ച് രൂക്ഷമായ പരിഹാസവും വിമർശനവുമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. '16 കോടിക്ക്. 16 ദിവസം. അത്രയേ നീണ്ടുനിന്നുള്ളൂ', 'ഇത് അഴിമതിയല്ല; ഇത് ബഹിരാകാശ സാങ്കേതികവിദ്യയാണ്' എന്നായിരുന്നു പരിഹാസ കുറിപ്പുകൾ. സിജെപിയും റോഡിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൂക്ഷമായ വിമർശനം നടത്തി.
അതേസമയം, പാലത്തിന്‍റെ പ്രധാന ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും തകർന്നത് അപ്രോച്ച് റോഡിന്‍റെ ഒരു ഭാഗം മാത്രമാണെന്നുമാണ് അധികൃതരുടെ നിലപാട്. അപകടത്തെ തുടർന്ന് വിദഗ്ദർ സംഭവ സ്ഥലത്ത് എത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. റോഡ് തകർന്നതിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ സാങ്കേതിക അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. മഴ മൂലമുള്ള മണ്ണൊലിപ്പാണോ, നിർമാണത്തിലെ പിഴവാണോ തകർച്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തതയുണ്ടാകൂവെന്നും അറിയിപ്പിൽ പറയുന്നു അതുവരെ കേടായ ഭാഗം അടിയന്തരമായി പുനഃസ്ഥാപിച്ച് ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.