ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു വിവാഹച്ചടങ്ങിനിടെ, വരൻ തന്‍റെ നിയമപരമായ ഭർത്താവാണെന്നും വിവാഹമോചനം പൂർത്തിയായിട്ടില്ലെന്നും ആരോപിച്ച് ഒരു യുവതി വേദിയിലെത്തി. ഇതോടെ വിവാഹം മുടങ്ങുകയും പോലീസ് ഇടപെടുകയും ചെയ്തു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് വരൻ രഹസ്യമായി രണ്ടാം വിവാഹത്തിന് ശ്രമിച്ചത്.
ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു മുസ്ലിം കുടുംബത്തിന്‍റെ വിവാഹച്ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഒരു യുവതി വേദിയിലെത്തി, വരൻ തന്‍റെ നിയമപരമായ ഭർത്താവാണെന്നും വിവാഹമോചനം പൂർത്തിയാകാതെയാണ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇതോടെ ചടങ്ങ് മുടങ്ങുകയും വിവാഹ പന്തലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
വിവാഹ മോചന കേസ് കോടതിയിൽ
2022 -ലാണ് ഇരുവരും വിവാഹിതരായതെന്ന് 27 -കാരിയായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹശേഷം കുടുംബവഴക്കുകൾ ഉണ്ടായതിനെ തുടർന്ന് അവർ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും യുവതി പറയുന്നു. ഇതിനിടെ 32 -കാരനായ ഭർത്താവ് മറ്റൊരു വിവാഹം രഹസ്യമായി നടത്തുകയാണെന്ന വിവരം അയൽവാസിയിൽ നിന്നാണ് ലഭിച്ചതെന്നും തുടർന്ന് സഹോദരിയോടൊപ്പം താൻ വിവാഹവേദിയിൽ എത്തുകയായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.
വിവാഹ വേദിയിൽ പോലീസും
വിവാഹ വേദിയിൽ എത്തിയ യുവതി വരനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. ചടങ്ങ് കുറച്ചുനേരം തടസ്സപ്പെടുകയും, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വരനെയും ഇരു കുടുംബങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായ ചോദ്യം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി വൈകിയും പോലീസ് സ്റ്റേഷനിൽ ചർച്ചകൾ തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വൈറലായതോടെ നിയമപരമായി വിവാഹമോചനം പൂർത്തിയാകാതെ വീണ്ടും വിവാഹം നടത്തുന്നതിന്‍റെ നിയമവശങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ച നടന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസും അറിയിച്ചു.


