നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സമരത്തിലൂടെ വൈറലായ അഭിനവ് ബിഷ്ടിന് സസ്പെൻഡ് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചു. ആരാധകരുടെ പിന്തുണയാണ് അക്കൗണ്ട് തിരിച്ചുകിട്ടാൻ കാരണമായതെന്ന് പറഞ്ഞ താരം, തനിക്ക് മനഃസമാധാനം ലഭിച്ചെന്നും വീഡിയോയിലൂടെ അറിയിച്ചു.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ വിദ്യാർത്ഥി സമരത്തിലെ വൈറൽ താരമായ അഭിനവ് ബിഷ്ട് തനിക്ക്, സസ്പെന്‍റ് ചെയ്യപ്പെട്ട ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരികെ ലഭിച്ചെന്ന് അറിയിച്ചു. പ്രതിഷേധ സമരത്തിനിടെ ചിത്രീകരിച്ച ഹ്രസ്വ വീഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായിരുന്നു അഭിനവ് ബിഷ്ട്. ധർമേന്ദ്ര പ്രധാന്‍റെ രാജിയെ തുടർന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അഭിനവ് ബിഷ്ടിന്‍റെ സമൂഹ മാധ്യമ അക്കൗണ്ട് പൂട്ടിയത്.
പ്രതിഷേധത്തിൽ പങ്കെടുത്ത് വൈറലായി
പ്രതിഷേധ വേദിയിൽ നിന്നുള്ള രസകരമായ ഹ്രസ്വ വീഡിയോകളാണ് (റീലുകൾ) അഭിനവിനെ വളരെ ചുരുങ്ങിയ സമയത്തിനകം ജനപ്രിയനാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ യുവാവിന്‍റെ വീഡിയോകൾ കണ്ടതോടെ ആരാധകരുടെ എണ്ണവും അതിവേഗം ഉയർന്നു. എന്നാൽ, വലിയ പ്രേക്ഷകശ്രദ്ധ നേടിയതിന് പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇൻസ്റ്റഗ്രാം അഭിനവ് ബിഷ്ടിന്‍റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സമരത്തിന് പിന്നാലെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ നീക്കണമെന്ന് ദില്ലി പോലീസ് സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഭിനവ് ബിഷ്ടിന്‍റെ അക്കൗണ്ട് സസ്പെന്‍റ് ചെയ്തത്. പിന്നാലെ തന്‍റെ അക്കൗണ്ട് തിരികെ ലഭിക്കാൻ എല്ലാവരും സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് അഭിനവ് വീഡിയോ പങ്കുവച്ചിരുന്നു.
'തിരികെ കിട്ടി, മനഃസമാധാനവും'
അക്കൗണ്ട് തിരിച്ചുകിട്ടിയതിന് പിന്നാലെ പങ്കുവെച്ച വീഡിയോയിൽ, അക്കൗണ്ട് നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ രാത്രി മുഴുവൻ താൻ ഉറങ്ങാതിരുന്നതായും ഇപ്പോഴാണ് മനഃസമാധാനം ലഭിച്ചതെന്നും അഭിനവ് പറഞ്ഞു. തനിക്കായി പ്രാർഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവർക്കും അഭിനവ് നന്ദി അറിയിച്ചു. ആരാധകരുടെ പിന്തുണയാണ് അക്കൗണ്ട് തിരിച്ചുകിട്ടാൻ കാരണമായതെന്നും അഭിനവ് വീഡിയോയിൽ അവകാശപ്പെട്ടു. വീഡിയോയും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടി. അഭിനവിന്‍റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുനമായെത്തിയത്. “ഇത് വ്യക്തിപരമായ വിജയമായി തോന്നുന്നു”, “ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ” തുടങ്ങിയ കുറിപ്പുകളായിരുന്നു കൂടുതലും. പ്രതിഷേധ വേദിയിൽ നിന്നും ജെൻസി അവതരണശൈലിയിലൂടെ ശ്രദ്ധ നേടിയ അഭിനവ്, വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയ യുവ കണ്ടന്‍റ് ക്രിയേറ്റർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.


