
ടെക്നോളജി ഒരുപാട് വളർന്നു. നമുക്ക് പരിചിതമല്ലാത്ത പലതും ഇപ്പോൾ നിത്യജീവിതത്തിൽ പോലും നമ്മളുപയോഗിച്ച് തുടങ്ങി. ഇന്ന് പല കാര്യങ്ങൾക്കും സഹായിക്കാൻ എഐ ഉണ്ട്. കുറച്ച് കാലം മുമ്പ് റോബോട്ട് എന്നൊക്കെ കേൾക്കുമ്പോൾ അതിശയം ഒക്കെ തോന്നിയിരുന്നെങ്കിൽ ഇന്ന് സകല മേഖലകളിലും അതിന്റെ സാന്നിധ്യം കാണാം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് _locarr എന്ന യൂസറാണ്. ജർമ്മനിയിലെ ഒരു ഗ്രോസറി സ്റ്റോറിൽ വച്ചാണ് യുവതി ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. സ്റ്റോറിൽ എത്തുന്ന യുവതിയെ അതിശയിപ്പിച്ചുകൊണ്ട് അവിടെ ഒരു റോബോട്ടുണ്ട്. ജർമ്മൻ ഭാഷ അറിയാത്തവർക്ക് തങ്ങൾക്ക് വേണ്ടുന്ന സാധനങ്ങൾ എവിടെയാണ് ഉള്ളത് എന്ന് തിരഞ്ഞ് ഒരുപാട് നടക്കേണ്ടതില്ല എന്നതാണ് ഈ റോബോട്ടിനെ കൊണ്ടുള്ള ഉപയോഗം.
നിങ്ങൾക്ക് വേണ്ടുന്ന സാധനങ്ങൾ എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്താൻ ഈ റോബോട്ട് നിങ്ങളെ സഹായിക്കും. അതിനായി എന്താണ് വേണ്ടത് എന്ന് അതിൽ രേഖപ്പെടുത്തിയാൽ മതി. റോബോട്ട് അത് എവിടെയാണോ ഉള്ളത് ആ സെക്ഷനിലേക്ക് നിങ്ങളെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഞങ്ങൾ അത് പരീക്ഷിക്കാൻ പോവുകയാണ് എന്നാണ് യുവതി പറയുന്നത്. ജർമ്മൻ ഭാഷയിൽ ഗ്രോസറി സാധനങ്ങൾ കാണിക്കുന്ന ഒരു ഡിസ്പ്ലേ സ്ക്രീനുമായാണ് റോബോട്ട് വരുന്നത്.
പിന്നീട്, യുവതി തനിക്ക് വേണ്ടുന്നത് എന്താണോ അത് റോബോട്ടിന്റെ സ്ക്രീനിൽ ടച്ച് ചെയ്ത് കൊടുക്കുന്നത് കാണാം. ഉടനെ തന്നെ വളരെ വേഗത്തിൽ റോബോട്ട് ആ സാധനങ്ങളിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങുകയാണ്. പിന്നാലെ യുവതിയും നീങ്ങുന്നു. സാധനങ്ങൾ അടുക്കിയ ഷെൽഫിന്റെ അടുത്തെത്തുമ്പോൾ റോബോട്ട് നിൽക്കുകയും ചെയ്യുന്നു.
എന്തായാലും, സാധനങ്ങൾ വാങ്ങാൻ മറ്റാരേയും ബുദ്ധിമുട്ടിക്കാതെ റോബോട്ടിന്റെ സഹായത്തോടെ എളുപ്പത്തിൽ നമുക്ക് ഷോപ്പിംഗ് പൂർത്തിയാക്കാം ഇവിടെ. യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധിപ്പേർ കണ്ടിട്ടുണ്ട്. അനേകങ്ങൾ കമന്റും നൽകി. ഇത് കൊളളാം എന്നും പരീക്ഷിക്കണം എന്നുമാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.