
വീടിനകത്തും പുറത്തും എവിടെയൊക്കെയാണ് പാമ്പുകൾ തങ്ങളുടെ താൽക്കാലിക താവളമാക്കി മാറ്റിയിരിക്കുന്നത് എന്ന് പറയാനാവില്ല. പലപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ വീട്ടിലെ ഉപകരണങ്ങളിലും ഷൂകളിലും വരെ ഇവ കയറിക്കിടക്കാറുണ്ട്. അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അങ്ങനെ ഒരു വീഡിയോയാണ് ഇതും. ഒരു കൂറ്റൻ പെരുമ്പാമ്പ് കയറിയത് കാറിന്റെ ബോണറ്റിലാണ്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഒരു ഗാരേജിൽ എസ്‌യുവിയുടെ ബോണറ്റിനുള്ളിൽ നിന്നാണ് ഏഴടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്. സിവിൽ ലൈൻസ് ഏരിയയിലെ ഹോട്ടൽ അജയ് ഇൻ്റർനാഷണലിന് സമീപമുള്ള ഗാരേജിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരിക്കയായിരുന്നു മഹീന്ദ്ര സ്കോർപിയോ എസ്‌യുവി. കാർ പരിശോധിക്കുന്നതിനായി ഒരു മെക്കാനിക്ക് ബോണറ്റ് തുറന്നപ്പോഴാണ് ബാറ്ററിക്ക് സമീപം കൂറ്റൻ പാമ്പ് വിശ്രമിക്കുന്നത് കണ്ടത്. അയാൾ ഭയന്നുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഗാരേജ് ഉടമ ഉടനെ തന്നെ അധികൃതരെ വിവരം അറിയിക്കുകയും പാമ്പിനെ അവിടെ നിന്നും മാറ്റുന്നതിനായി അവർ സ്ഥലത്തെത്തുകയുമായിരുന്നു. പിന്നീട്, വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയും പാമ്പിനെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സംഘം പാമ്പിനെ നീക്കം ചെയ്യുന്ന സമയത്ത് വലിയ ബഹളത്തോടെയും കയ്യടികളോടെയുമാണ് ചുറ്റും കൂടി നിന്നവർ പ്രതികരിച്ചത്. ഒടുവിൽ വളരെ വിജയകരമായി അവർ പാമ്പിനെ അവിടെ നിന്നും മാറ്റുകയായിരുന്നു.
ഈ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോയിൽ പകർത്തുകയായിരുന്നു. പിന്നീടത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും വ്യാപകമായി അത് പ്രചരിക്കപ്പെടുകയും ചെയ്തു.