
കിഴക്കൻ ദില്ലിയിൽ നിന്നും ദാരുണമായ ഒരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് നഗറിൽ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 -കാരനായ യുവാവ് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടി കാഞ്ചി വലിച്ച് ആത്മഹത്യ ചെയ്തു. ബന്ധു വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് യുവാവ് സ്വന്തം നെഞ്ചിലേക്ക് കാഞ്ചി വലിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ദില്ലിയിലെ ദല്ലുപുരയിലെ പവൻ കുമാറാണ് കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. പവനിന്‍റെ നീക്കം അറിയാതെയാണ് ബന്ധു വീഡിയോ റെക്കോർഡ് ചെയ്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇടത് നെഞ്ചിൽ വെടിയേറ്റതിനെ തുടർന്ന് ധർമ്മശില ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ കൊണ്ട് പോയെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ അടങ്ങിയ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ദൃശ്യങ്ങളിൽ, പവന്‍റെ കൈയിൽ ഒരു തോക്ക് കാണാം, ഇതിനിടെ വീഡിയോ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്‍റെ കസിൻ തോക്കിൽ മാഗസിൻ തിരുകാൻ ആവശ്യപ്പെട്ടുന്നു. പിന്നാലെ ഇയാൾ തോക്കിലേക്ക് മാഗസിൻ കയറ്റുന്നു. പിന്നാലെ ഇയാൾ സ്വന്തം നെഞ്ചിലേക്ക് തോക്ക് ചേർത്ത് വയ്ക്കുന്നു. ഈ സമയം ചെയ്യരുതെന്ന് കസിൽ പറയുന്നതു കേൾക്കാം. പക്ഷേ, അതിനിടെ കാഞ്ചി വലിച്ച് കഴിഞ്ഞിരുന്നു. പിന്നാലെ പവൻ കുമാർ തറയിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.
പവൻ കുമാർ വെടിവയ്ക്കാൻ ഉപയോഗിച്ചത് ബന്ധുവായ ഹിമാൻഷുവിന്‍റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള പിസ്റ്റളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 10 ലൈവ് കാട്രിഡ്ജുകൾക്കൊപ്പം ആയുധവും പോലീസ് പിടിച്ചെടുത്തു. ദല്ലുപുരയിലെ പവന്‍റെ വീട്ടിൽ വച്ചായാരുന്നു സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക്, ക്രൈം ടീമുകൾ സ്ഥലവും ആശുപത്രിയും പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റി. ഭാരതീയ ന്യായ സംഹിതയുടെ അടിസ്ഥാനത്തിൽ ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.