
ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് യുഎസിലെ സാൻ ഫ്രാന്‍സിസ്കോയില്‍ നിന്നും പങ്കുവയക്കപ്പെട്ടത്. മുനിസിപ്പൽ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയുടെ (SFMTA) ലൈറ്റ്-റെയിൽ ഓപ്പറേറ്റർ യാത്രയ്ക്കിടെ ഉറങ്ങിപ്പോയി. ഈ സമയം ട്രെയിന്‍ സണ്‍സെറ്റ് ടണലിലൂടെ മണിക്കൂറില്‍ പാഞ്ഞത് 50 കിലോമീറ്റര്‍ വേഗതയില്‍. ഇതോടെ ലൈറ്റ്-റെയിലിലെ യാത്രക്കാരെല്ലാം ആടിയുലഞ്ഞു. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങിളില്‍ വൈറലായി.
സെപ്റ്റംബർ 24 ന് രാവിലെ 8:37 ഓടെയാണ് ഡുബോസ് പാർക്കിനടുത്തുള്ള സൺസെറ്റ് ടണലിലൂടെ യാത്രക്കാരുമായി പോയ ലൈറ്റ് റെയിലിലാണ് അപകടകരമായ രീതിയില്‍ പാഞ്ഞ് പോയത്. ഒരു തുരങ്കത്തിലൂടെ അക്രമാസക്തമായി പാഞ്ഞ് പോകുന്ന ലൈറ്റ് റെയിലിന്‍റെ ദൃശ്യങ്ങൾ കാഴ്ചക്കാരെ പോലും ഭയപ്പെടുത്തുന്നതാണ്. സംഭവത്തിന് പിന്നാലെ ഓപ്പറേറ്ററുടെ പിഴവാണ് സംഭവത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വീഡിയോ ദൃശ്യങ്ങളില്‍ ഉണർന്നിരിക്കാന്‍ പാടുപെടുന്ന ലൈറ്റ് റെയില്‍ ഓപ്പറേറ്ററെ കാണാം. ഇടയ്ക്ക് അവര്‍ ഉറങ്ങി പുറകിലേക്ക് മറിയുന്നു. ഈ സമയം ട്രെയിന്‍ അപകടകരമായ രീതിയില്‍ ഒരു തുരങ്കത്തിലൂടെ കടന്ന് പോവുകയായിരുന്നു. അപകടകരമായ വേഗത കാരണം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ പിടി വിട്ട് താഴെ വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഡുബോസ് അവന്യൂവിലും നോയ് സ്ട്രീറ്റിലുമുള്ള ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകളില്‍ നിർത്താതെ ട്രെയിൻ കുതിച്ച് പാഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു വിധത്തില്‍ ട്രെയിന്‍ നിർത്തിയ ശേഷം ഭയന്ന് പോയ യാത്രക്കാരെ സമാധാനിപ്പിക്കാനായി എഴുന്നേറ്റ ഓപ്പറേറ്ററെയും വീഡിയോയില്‍ കാണാം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ട്രെയിൻ പാളം തെറ്റിയില്ലെന്നും ട്രെയിനിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ എസ്‌എഫ്‌എംടിഎ അന്വേഷണം ആരംഭിച്ചു.