
ഹോട്ടലിലെ കോഫി മേക്കറിൽ അടിവസ്ത്രം കഴുകി. അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിദേശ സഞ്ചാരിക്കെതിരെ രൂക്ഷ വിമർശനം. അടിയന്തര സാഹചര്യങ്ങൾക്കുള്ള യാത്രാ "ഹാക്ക്" എന്നാണ് വിനോദ സഞ്ചാരിയും സമൂഹ മാധ്യമ ഉള്ള സൃഷ്ടാവുമായ യുവതി തന്‍റെ പ്രവർത്തിയെ ന്യായീകരിച്ചത്. യുവതി സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ രൂക്ഷമായ വിമർശനം ഉയർന്നു. യുവതിക്കെതിരെ നടപടി വേണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
യുവതി ടിക് ടോക്കിൽ പങ്കുവച്ച വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും വളരെ വേഗം പങ്കുവയ്ക്കപ്പെട്ടു. സഞ്ചാരിയും ആരോഗ്യ കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യുന്ന ഇൻഫ്ലൂവന്‍സാറായ താര വുഡാണ് ഇത്തരമൊരു വീഡിയോ ചെയ്തത്. യാത്രയ്ക്കിടയിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ ഹോട്ടൽ മുറിയിലെ കോഫീ മിഷ്യനിൽ നിക്ഷേപിച്ച് ചൂട് വെള്ളം ഓണാക്കണമെന്നും ശേഷം ബാത്ത് റൂമിലെ ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കി എടുക്കാമെന്നും യുവതി വീഡിയോയിൽ പറയുന്നു. ഒപ്പം വർഷങ്ങൾക്ക് മുമ്പാണ് താൻ ഈ തന്ത്രം തന്‍റെ സുഹൃത്തായ ഫ്ലൈറ്റ് അറ്റന്‍ററിൽ നിന്നും പഠിച്ചതെന്നും യുവതി അവകാശപ്പെട്ടു. ഈ തന്ത്രം അറിയാത്തവർക്ക് വേണ്ടിയാണ് പറയുന്നതെന്നും താര വുഡ് വീഡിയോയിൽ പറയുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് താന്‍ ഹോട്ടലിലെ കോഫീ മെഷ്യനിൽ നിന്നും കാപ്പി ഉണ്ടാക്കി കുടിക്കാറില്ലെന്ന് താര കുറിച്ചു. വീഡിയോ എക്സിൽ പങ്കുവച്ചയാൾ നിങ്ങൾ എത്ര കോഫി ഹോട്ടൽ മുറിയിൽ നിന്നും കുടിച്ചിട്ടുണ്ടെന്ന ചോദ്യം ചോദിക്കുന്നു.
2025 നവംബറിലാണ് യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം, ടിക് ടോക് അക്കൗണ്ടുകളിൽ വീഡിയോ പങ്കുവച്ചത്. എന്നാൽ. അടുത്തിടെയാണ് വീഡിയോ മറ്റ് ചിലർ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും പിന്നാലെ വീഡിയോ വൈറലാവുകയും ചെയ്തത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വീഡിയോ കണ്ട ശേഷം ഹോട്ടൽ മുറികളിലെ കോഫീ മെഷ്യൻ ഉപയോഗിക്കാൻ അറപ്പ് തോന്നുന്നെന്ന് നിരവധി പേരാണ് എഴുതിയത്. നിരവധ കാഴ്ചക്കാർ അസ്വസ്ഥതയും രോഷവും പ്രകടിപ്പിച്ചു. പലരും ഹോട്ടൽ കോഫി മെഷീനുകൾ വൃത്തിഹീനമാണെന്നും ഇത് ബാക്ടീരിയ കൈമാറ്റത്തിനും മറ്റുള്ളവരിലേക്ക് രോഗകരമായ ബാക്ടീറ്റിയകൾ കൈമാറുന്നതിനും കാരണമാകുമെന്നും എഴുതി.