'ചൈനയിൽ നിന്നാണോ?'; ഇന്ത്യൻ ട്രെയിനുകളിൽ വംശീയാധിക്ഷേപം നേരിടേണ്ടിവരുന്നെന്ന് സഹോദരിമാർ, വീഡിയോ വൈറൽ

Published : Jul 02, 2026, 07:04 PM IST
racist abuse on Indian trains

Synopsis

ഗുവാഹത്തി-അഗർത്തല ട്രെയിൻ യാത്രക്കിടെ മിഡിൽ ബെർത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് സഹോദരിമാർക്ക് വംശീയാധിക്ഷേപം നേരിട്ടതായി പരാതി. റിസർവേഷൻ നിയമപ്രകാരം ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടും ബെർത്ത് മടക്കാൻ വിസമ്മതിച്ച കുടുംബം, 'ചൈനയിൽ നിന്നാണോ' എന്ന് ചോദിച്ച് അധിക്ഷേപിച്ചുവെന്ന് സഹോദരിമാർ പറയുന്നു. സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ ഇടപെടേണ്ടി വന്നു.

 

ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് യാത്ര ചെയ്ത രണ്ട് സഹോദരിമാർ ട്രെയിനിലെ മിഡിൽ ബെർത്തിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വംശീയാധിക്ഷേപം നേരിട്ടെന്ന ആരോപണവുമായി രംഗത്ത്. കഴിഞ്ഞ (1.7.'26) ഒന്നാം തിയതിയാണ് സംഭവം നടന്നത്. യാത്രക്കാർ പറയുന്നതനുസരിച്ച്, രാവിലെ 8:00 മണിയോടെ റിസർവ് ചെയ്ത ലോവർ ബെർത്ത് സീറ്റുകളെ ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. റിസർവേഷനിൽ പറഞ്ഞിരുന്ന ഉറക്ക സമയം അവസാനിച്ചിട്ടും ഒരേ കോച്ചിൽ ഇരിക്കുന്ന ഒരു കുടുംബം നടുവിലെ ബെർത്ത് നിർവത്തിവച്ചു. ഇത് ചോദ്യം ചെയ്തതിനായിരുന്നു വംശീയാധിക്ഷേപം നടന്നത്.

കുടുംബത്തിന്‍റെത് അനാവശ്യ തർക്കം

തങ്ങളുടെ റിസർവ് ചെയ്ത താഴത്തെ സീറ്റുകൾ സുഖകരമായി ഉപയോഗിക്കുന്നതിനായി മധ്യ ബെർത്ത് മടക്കിവെക്കണമെന്ന് സഹോദരിമാർ അഭ്യർത്ഥിച്ചു. എന്നാൽ, കുടുംബം ഇത് അനുസരിക്കാൻ വിസമ്മതിക്കുകയും വളരെ രൂക്ഷമായി പ്രതികരിക്കുകയുമായിരുന്നെന്ന് സഹോദരിമാർ പറയുന്നു. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാതെ നീണ്ട് പോയതോടെ സഹോദരിമാർ റെയിൽവേ ഉദ്യോഗസ്ഥരെ സമീപിച്ചു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരെത്തി കുടുംബത്തോടെ ബർത്ത് മടക്കി വച്ച് സഹകരിക്കാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെത്തി പറഞ്ഞതോടെ കുടുംബം അനുസരിച്ചു, ബർത്ത് മടക്കി, ഇരിക്കാനുള്ള സൗകര്യമൊരുക്കി. 

 

 

എന്നാൽ, അതോടെ പ്രശ്നങ്ങൾ മറ്റൊരു തലത്തിലേക്ക് കടന്നു. പിന്നീടങ്ങോട്ട് വളരെ ശത്രുതാപരമായ തരത്തിലായിരുന്നു കുടുംബത്തിന്‍റെ പെരുമാറ്റം. സഹോദരിമാരിൽ ഒരാളുടെ സീറ്റ് മറ്റൊരു ബർത്തിലായിരുന്നു. അതിനാൽ അവരെ അവിടെ ഇരിക്കാൻ അനുവദിക്കാതെ അവിടെ നിന്നും പോകാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അങ്ങനെ സീറ്റ് മാറി ഇരിക്കുന്നതിൽ നിയമപരമായ തെറ്റില്ലെന്ന് യുവതികൾ പറഞ്ഞപ്പോൾ 'നിങ്ങൾ ചൈനയിൽ നിന്നാണോ വരുന്നതെന്ന്' ചോദിച്ച് കൊണ്ട് കുടുംബം തങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്നും സഹോദരിമാർ പറയുന്നു.

മാന്യമായ പെരുമാറ്റം ഉറപ്പാക്കണം

ഇതോടെ റെയിൽവേ ജീവനക്കാരൻ വീണ്ടും ഇടപെടുകയും കുടുംബത്തോട് ശാന്തമായിരിക്കാൻ ആവശ്യപ്പെട്ടുകയുമായിരുന്നു. "ഇവിടെ ഇരിക്കുന്നവരെല്ലാം വിദ്യാസമ്പന്നരാണ്. അഞ്ചാം ക്ലാസിലെ കുട്ടിയെ പോലെ പെരുമാറരുത്" എന്ന് റെയിൽ ഉദ്യോഗസ്ഥൻ കുടുംബത്തോട് ആവശ്യപ്പെട്ടതായും യുവതികൾ പറയുന്നു. സംഭവത്തെത്തുടർന്ന്, വിവേചനപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ ഗൗരവമായി കാണണമെന്നും യാത്രക്കാരുടെ വംശീയതയോ ശാരീരിക രൂപമോ പരിഗണിക്കാതെ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യുവതികൾ റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ നിയമമനുസരിച്ച് രാത്രി 10:00 മുതൽ രാവിലെ 6:00 വരെ മാത്രമാണ് റിസർവ് ചെയ്ത ബർത്തുകളിൽ ഉറങ്ങാൻ നിശ്ചയിച്ചിട്ടുള്ള സമയം. മറ്റ് സമയങ്ങളിൽ യാത്രക്കാർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്ത് മറ്റ് യാത്രക്കാരെ സഹായിക്കേണ്ടതാണ്.

 

PREV
Read more Articles on
click me!

Recommended Stories

വാരണാസി വിമാനത്താവളത്തിൽ സൗജന്യ എക്സിറ്റ് വിൻഡോ, പക്ഷേ, പുറത്ത് കടക്കണമെങ്കിൽ പണം കൊടുക്കണം, പരാതി; വീഡിയോ
'ദില്ലിയിൽ നിന്നും സ്വർഗത്തിലേക്ക് വെറും 2.5 സെക്കന്‍റ് '; പുതിയ ദില്ലി എക്സ്പ്രസ് വേയിൽ കുറ്റൻ ഗർത്തം, ട്രോളുമായി നെറ്റിസെൺസ്, വീഡിയോ