അടൽ ടണലിന് സമീപം നിർമ്മാണത്തിലിരുന്ന പാലത്തിലേക്ക് ഇടിച്ച് കയറി സ്കോർപിയോ, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, വീഡിയോ

Published : Jul 02, 2026, 03:55 PM IST
Scorpio crashes into under construction bridge

Synopsis

ഹിമാചൽ പ്രദേശിലെ അടൽ ടണലിന് സമീപം സ്കോർപിയോ എസ്‌യുവി അപകടത്തിൽപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. അമിതവേഗതയെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം നിർമ്മാണത്തിലിരുന്ന പാലത്തിലെ ഇരുമ്പ് കമ്പികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു, അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.

 

ഹിമാചൽ പ്രദേശിലെ അടൽ ടണലിന്‍റെ വടക്കൻ പോർട്ടലിന് സമീപം ബുധനാഴ്ച (1.7.'26) രാത്രി ഒരു സ്കോർപിയോ എസ്‌യുവി നിയന്ത്രണംവിട്ട് ഇടിച്ചുകയറി രാജസ്ഥാനിൽ നിന്നുള്ള ഒരു വിനോദ സഞ്ചാരി മരിച്ചു, വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. പാലത്തിന്‍റെ നിർമ്മാണത്തിനായി പണിത് ബാക്കിയാക്കി വച്ചിരുന്ന ഇരുമ്പ് കമ്പിയിലേക്ക് സ്കോർപിയോ ഓടിച്ച് കയറ്റിയ നിലയിലാണുള്ളത്. വാഹനത്തിനുള്ളിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ച് കയറി നിൽക്കുന്നതിന്‍റെ അസ്വസ്ഥകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിൽ നിന്നും തള്ളി നിന്നിരുന്ന നിരവധി ഇരുമ്പ് കമ്പികളിലേക്ക് സ്കോർപിയോ ഇടിച്ച് കയറിയ നിലയിൽ തൂങ്ങി നിൽക്കുന്ന ഭയാനക ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. വീഡിയോ അപകടത്തിന്‍റെ തീവ്രത കാണിക്കുന്നു. അമിത വേഗത കാരണം വാഹനം നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരുന്ന പാലത്തിൽ ഇടിച്ചതായും അവിടെ നിന്നും ഇരുമ്പ് കമ്പികളിലേക്ക് തുളഞ്ഞ് കയറുകയായിരുന്നെന്നും പോലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് (34) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ലഖിംപൂർ സ്വദേശിയായ ആദിത്യ, രാജസ്ഥാൻ സ്വദേശിയായ രാജേന്ദ്ര, വാഹനം ഓടിച്ചിരുന്ന സിദ്ധാർത്ഥ് എന്നിവർക്കാണ് സാരമായ പരിക്കേറ്റത്. രാജേന്ദ്രനും സിദ്ധാർത്ഥും സിക്കാർ സ്വദേശികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

അമിത വേഗത, പിന്നാലെ നിയന്ത്രണം നഷ്ടമായി

ചൊവ്വാഴ്ച രാത്രി മണാലിയിൽ നിന്ന് ലാഹൗളിലേക്ക് പോവുകയായിരുന്ന സംഘം രാത്രി 10 മണിയോടെ അടൽ ടണലിന്‍റെ വടക്കൻ പോർട്ടലിന് സമീപത്ത് അപകടത്തിൽപ്പെടുകയായിരുന്നു. തുരങ്കത്തിൽ നിന്ന് പുറത്തുകടന്ന ഉടൻ തന്നെ സ്കോർപിയോ അമിത വേഗത കാരണം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അമിത വേഗത കാരണം ഡ്രൈവർക്ക് വളവ് തിരിക്കാൻ കഴിഞ്ഞില്ല. ഇതോടെ വാഹനം ചന്ദ്ര നദിയിലേക്ക് മറിഞ്ഞ് നിർമ്മാണത്തിലിരുന്ന ഒരു പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ വാഹനത്തിലേക്ക് തുളച്ച് കയറുകയായിരുന്നു.

പരിക്കേറ്റ മറ്റ് മൂന്ന് വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തി, ആശുപത്രിയിലേക്ക് മാറ്റിയതായി സിസു സ്റ്റേഷൻ ഹൗസ് ഓഫീസർ മുകേഷ് റാത്തോർ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾ എത്തിയാൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് മഴ തുടങ്ങിയതോടെ റോഡുകളിൽ വഴുക്കൽ കൂടുതലാണ്. ഇതിനാൽ മലയോര പ്രദേശങ്ങളിൽ അമിത വേഗതയും അനാവശ്യ രാത്രി യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ വിനോദ സഞ്ചാരികളോട് അഭ്യർത്ഥിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വെറും 16 രൂപയുടെ ഓർഡറിന് ദീദിയുടെ ടിപ്പ് 500 രൂപ! വികാരാധീനനായി ഡെലിവറി ബോയ്
5 വർഷം ജോലി ചെയ്തു, പെട്ടെന്നൊരു നിമിഷം പിരിച്ചുവിട്ടു, കേൾക്കേണ്ടി വന്നത് ആ ഒരൊറ്റ വാക്ക്!