
ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. എന്നാൽ, ഒഴിപ്പിക്കലിനിടെ വിമാനത്തിന്റെ അടിയന്തര എക്സിറ്റ് സ്ലൈഡുകളിലൊന്ന് തുറക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാർക്ക് വിമാനത്തിന്റെ ചിറകിലൂടെ നടക്കേണ്ടി വന്നതായി റിപ്പോർട്ട്. അപകടകരമായ ഈ സാഹചര്യത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയായ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചു.
6E6017 എന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ വലതുഭാഗത്തെ ഓവർവിംഗ് എക്സിറ്റിലുള്ള അടിയന്തര സാഹചര്യങ്ങളിൽ താഴേക്ക് ഇറങ്ങാനുള്ള ഇൻഫ്ലേറ്റബിൾ സ്ലൈഡ് കൃത്യസമയത്ത് തുറന്നില്ലെന്ന് യാത്രക്കാരനായ Deepan Qweeter Kannan എക്സിൽ കുറിച്ചു. സ്ലൈഡ് തുറക്കാത്തതിനാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ആളുകൾക്ക് ചിറകിൽ നിൽക്കേണ്ടി വന്നെന്നും, പിന്നീട് പുറത്തുകടക്കാനായി ഇവർക്ക് വീണ്ടും വിമാനത്തിനുള്ളിലേക്ക് തന്നെ തിരികെ കയറേണ്ടി വന്നെന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
'നിങ്ങളുടെ അന്വേഷണത്തിൽ ഈ ഗുരുതരമായ വീഴ്ചയും ഉൾപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരിഭ്രാന്തിയിലായ യാത്രക്കാർ ചിറകിൽ നിന്ന് താഴെ വീഴാനോ വലിയ പരിക്കുകൾ പറ്റാനോ ഇത് കാരണമാകുമായിരുന്നു. ദയവായി ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം ഉറപ്പാക്കുക' ദീപൻ ട്വീറ്റിലൂടെ അധികൃതരോട് അഭ്യർത്ഥിച്ചു. താൻ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മുക്തനായിട്ടില്ലെന്നും, വിമാനത്തിനുള്ളിൽ പുക ഉയർന്നത് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രക്കാർ വിമാനത്തിന്റെ ചിറകിൽ നിൽക്കുന്നതും അവിടെ നിന്ന് തിരികെ ഉള്ളിലേക്ക് നടക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
അതേസമയം, മേയ് 26 -ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിമാനത്തിൽ പുക ഉയർന്ന സംഭവം ഇൻഡിഗോ എയർലൈൻ സ്ഥിരീകരിച്ചു. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചെങ്കിലും, വിമാനത്തിനുള്ളിൽ പുക ഉയരാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാൻ എയർലൈൻ ഇതുവരെ തയ്യാറായിട്ടില്ല. സ്ലൈഡ് തുറക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതിയിലും കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.