
ഫിലിപ്പീൻസിലെ ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സുഹൃത്തുക്കളെ കാത്തിരുന്നത് ജീവിതത്തിലെ തന്നെ പേടിപ്പിക്കുന്ന നിമിഷങ്ങൾ. ടോയ്‌ലറ്റ് ബൗളിനുള്ളിൽ ഒളിഞ്ഞിരുന്ന കൂറ്റൻ പാമ്പിനെ കണ്ട് ജീവൻ പോയ അവസ്ഥയിലെത്തി യുവാക്കൾ. ടോയ്‌ലറ്റ് ബ്ലോക്കായതാണെന്ന് കരുതി ഫ്ലഷ് ചെയ്തപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഫിലിപ്പീൻസിലെ നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന സൽവദോർ ബെനഡിക്റ്റോയിലെ ഒരു റിസോർട്ടിലാണ് സംഭവം നടന്നത്.
അഞ്ച് സുഹൃത്തുക്കളാണ് റിസോർട്ടിൽ താമസിച്ചിരുന്നത്. ഇതിലൊരാൾ ബാത്ത്റൂമിൽ കയറിയപ്പോഴാണ് ടോയ്‌ലറ്റ് ബൗളിനുള്ളിൽ കറുത്ത, വലിപ്പമുള്ള എന്തോ ഒന്നുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ആരോ ശരിയായി ഫ്ലഷ് ചെയ്യാത്തതാണെന്ന് കരുതി ഇയാൾ വീണ്ടും ഫ്ലഷ് ചെയ്തു. എന്നാൽ, തൊട്ടടുത്ത നിമിഷം ഒരു കൂറ്റൻ പാമ്പ് പുറത്തേക്ക് വരികയായിരുന്നു. ഭയന്നുവിറച്ച യുവാവ് ഓടി പുറത്തെത്തി സുഹൃത്തുക്കളെ വിവരമറിയിച്ചു. എന്നാൽ, ആദ്യം അവർ ഇത് വിശ്വസിച്ചില്ല. സുഹൃത്ത് പറ്റിക്കാൻ പറയുകയാണ് എന്നാണ് ഇവർ കരുതിയത്. എന്നാൽ ബാത്ത്റൂമിലെത്തി നേരിട്ട് കണ്ടതോടെ എല്ലാവരും ഞെട്ടി.
ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നീളമുള്ള ഒരു വടി ഉപയോഗിച്ച് ടോയ്‌ലറ്റിന്റെ മൂടി പതുക്കെ ഉയർത്തുന്നത് വീഡിയോയിൽ കാണാം. ഈ സമയം വെള്ളത്തിനടിയിൽ നിന്ന് പാമ്പ് പതുക്കെ തലയുയർത്തി നോക്കുകയും ചെയ്യുന്നുണ്ട്. ഭയന്നുപോയ യുവാക്കൾ മാറിനിന്ന് ദൃശ്യങ്ങൾ പകർത്തിയ ശേഷം ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വീഡിയോ വൈറലായതോടെ, ടോയ്‌ലറ്റിൽ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്നായ രാജവെമ്പാല ആണെന്നാണ് നെറ്റിസൺസ് പറയുന്നത്. ടോയ്‍ലെറ്റിൽ പോലും വിശ്വസിച്ച് പോകാൻ പറ്റില്ല, പേടിയാകുന്നു എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് നൽകുന്നത്.