'ആ വീട്ടിൽ ചെന്നത് ക്ഷണം സ്വീകരിച്ച്, സംഭവിച്ചത് ഇത്, ഒരിക്കലും ഈ അബദ്ധം പറ്റരുത്'; യൂറോപ്പ് യാത്രയിലെ ദുരനുഭവം പങ്കുവച്ച് യുവാവ്

Published : May 18, 2026, 11:50 AM IST
viral video

Synopsis

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഫോളോവറുടെ ക്ഷണം സ്വീകരിച്ച് യൂറോപ്പിൽ അയാളുടെ വീട്ടിൽ താമസിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഒരു ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍. താമസത്തിന് ശേഷം ഫോളോവര്‍ വാടക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഗൗതം സച്ച്‍ദേവ് പറയുന്നത്. 

ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും യാത്ര ചെയ്യുന്നവർ ഇന്നുണ്ട്. അതിനാൽ തന്നെ വിവിധ രാജ്യങ്ങളുടെ സംസ്കാരവും രീതികളും എല്ലാവർക്കും പരിചിതവുമാണ്. അതുപോലെ, യൂറോപ്പ് യാത്രയ്ക്കിടയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവെക്കുകയാണ് ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസറായ ഗൗതം സച്ച്ദേവ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു ഫോളോവറുടെ ക്ഷണം സ്വീകരിച്ച് അയാളുടെ വീട്ടിൽ താമസിച്ചതും, പിന്നീട് അയാൾ വാടക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതുമായ അനുഭവമാണ് ഗൗതം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ സോളോ ട്രാവലിനിടയിലെ ഏറ്റവും മോശം അനുഭവങ്ങളിൽ ഒന്നാണിതെന്നും, അപരിചിതരുടെ വീടുകളിൽ താമസിക്കരുതെന്നും അദ്ദേഹം സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ബെർലിനിൽ ആയിരുന്ന സമയത്ത് പ്രാഗ് സന്ദർശിക്കാൻ പദ്ധതിയിടവെയാണ് ഒരു ഫോളോവർ ഗൗതമിനെ മെസ്സേജിലൂടെ ബന്ധപ്പെടുന്നത്. പ്രാഗിന് പകരം മ്യൂണിക്കിലേക്ക് വരാനും തന്റെ വീട്ടിൽ താമസിക്കാമെന്നും അയാൾ ഗൗതമിനോട് പറയുന്നു. അവിടെ താമസിച്ച് ഓസ്ട്രിയ കൂടി സന്ദർശിക്കാമല്ലോ എന്ന് കരുതി ഗൗതം ഈ ക്ഷണം സ്വീകരിക്കുകയായിരുന്നു.

'അയാൾ എന്നോട് കുടിക്കാൻ വെള്ളം വേണോ എന്നു പോലും ചോദിച്ചില്ല, ഭക്ഷണത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ' ഗൗതം പറയുന്നു. ഇതേത്തുടർന്ന് പകൽ സമയം മുഴുവൻ പുറത്തു കറങ്ങിനടന്ന ഗൗതം രാത്രി ഉറങ്ങാൻ മാത്രമാണ് ഈ വീട്ടിൽ എത്തിയിരുന്നത്. യാത്രയ്ക്കിടയിൽ കാലിന് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം കൂടി അവിടെ തുടരാൻ അദ്ദേഹം തീരുമാനിച്ചു. അടുത്ത ദിവസം പുലർച്ചെ ട്രെയിൻ കയറാനായി ഇറങ്ങുമ്പോൾ ഫോളോവർ ഗൗതമിനെ തടഞ്ഞുനിർത്തുകയും വാടകയിനത്തിൽ 30 യൂറോ (ഏകദേശം 3,346 രൂപ) ആവശ്യപ്പെടുകയും ചെയ്തു. ഹോസ്റ്റലിൽ ആണെങ്കിലും പണം നൽകേണ്ടി വരുമായിരുന്നില്ലേ എന്നായിരുന്നു അയാളുടെ വാദം. എന്നാൽ താൻ ചോദിച്ചു വന്നതല്ലെന്നും അയാൾ ക്ഷണിച്ചിട്ടാണ് വന്നതെന്നും പറഞ്ഞ് ഗൗതം പണം നൽകാൻ വിസമ്മതിച്ചു. ഇതിനുപിന്നാലെ, റൂം ഉപയോഗിച്ചതിനും കോഫിക്കും ഇന്റർനെറ്റിനും പണം നൽകണമെന്ന് ആവശ്യപ്പെട്ട് അയാൾ ഗൗതമിന് ഭീഷണിസന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്രെ. തന്റെ സോളോ ട്രാവലിലെ ആദ്യത്തെ വലിയ പാഠമാണിതെന്ന് ഗൗതം കുറിച്ചു.

 

 

'സോളോ ട്രിപ്പുകളിൽ എപ്പോഴും സ്വന്തമായി ഹോട്ടൽ മുറിയോ ഹോസ്റ്റൽ ബെഡോ ബുക്ക് ചെയ്യുക. ഒരിക്കലും മറ്റുള്ളവരുടെ സ്ഥലങ്ങളിൽ താമസിക്കരുത്. നിങ്ങൾ ഒരാളെ ക്ഷണിക്കുമ്പോൾ അവർ നിങ്ങളുടെ അതിഥിയാണ്, അവർക്ക് ആതിഥ്യമര്യാദ നൽകേണ്ടതുണ്ട്' എന്നും ​ഗൗതം പറയുന്നു. അയാൾ തീർത്തും ഒരു അപരിചിതനായിരുന്നില്ലെന്നും രണ്ടു വർഷത്തിലേറെയായി തന്റെ യാത്രാ വീഡിയോകൾക്ക് താഴെ ആശംസകൾ അറിയിക്കുന്ന ആളായിരുന്നുവെന്നും ഗൗതം വ്യക്തമാക്കി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'അയാളുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. യൂറോപ്പിൽ ആയിരിക്കുമ്പോൾ ഇന്ത്യയിൽ ലഭിക്കുന്ന പോലൊരു ആതിഥ്യമര്യാദ പ്രതീക്ഷിക്കരുത്' എന്നാണ് ഒരാൾ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പോലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വിചാരണ തടവുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവം പഞ്ചാബിൽ
നോക്കി നിൽക്കെ ഹിമപാതത്തിൽ മൂടി ഏവറസ്റ്റ് ബേസ് ക്യാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ!