
പഞ്ചാബിലെ ഹോഷിയാർപൂരിൽ, ആശുപത്രി സന്ദർശിച്ച ശേഷം തിരികെ കൊണ്ടുപോകുന്ന വഴി പോലീസ് കോൺസ്റ്റബിളിനെ അക്രമച്ച പ്രതി വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പോലീസ് കോണ്‍സ്റ്റബിളും പ്രതിയും തമ്മിൽ ഇ റിക്ഷയിൽ വച്ച് ഏറ്റുമുട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
സീനിയർ കോൺസ്റ്റബിൾ ജസ്ദീപ് സിംഗാണ് വിചാരണ തടവുകാരനായ നസീബ് സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് ഇ ഓട്ടോയിൽ മടങ്ങുന്നതിനിടെ നസീബ് സിംഗ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സീനിയർ കോൺസ്റ്റബിൾ ജസ്ദീപ് സിംഗിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. യാത്രയ്ക്കിടെ പ്രതി രക്ഷപ്പെടാതിരിക്കാനായി കോൺസ്റ്റബിളുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. ഇ ഓട്ടോയിൽ വച്ച് പ്രതി, കോൺസ്റ്റബിളിനെ അക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷം ഓട്ടോയിൽ നിന്നും പുറത്തേക്ക് നീണ്ടു.
തെരുവിൽ വച്ച് ഇരുവരും പരസ്പരം സംഘർഷത്തിലേർപ്പെടുന്നതിനിടെ ഇ ഓട്ടോ റിക്ഷക്കാരൻ സംഭവ സ്ഥലത്ത് നിന്നും പോകുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ഇരുവരും തമ്മിൽ രൂക്ഷമായ സംഘർഷം നടന്നു. ഇതിനിടെ കോൺസ്റ്റബിൾ തന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് നസീബ് സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിന് താഴെയായി വെടിയെറ്റ ഇയാൾ കെട്ടിടത്തിന്‍റെ തണലിലേക്ക് നിരങ്ങി നീങ്ങുന്നതും അല്പം സമയത്തിന് ശേഷം അതുവരെ ആരുമില്ലാതിരുന്ന തെരുവിലേക്ക് നിരവധി പേർ വരുന്നതും മരിച്ച് കിടക്കുന്ന നസീബ് സിംഗിനടുത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. സംഘർഷത്തിനിടെ നസീബ്, സർവീസ് റിവോൾവർ തട്ടിയെടുക്കാൻ നിരന്തരം ശ്രമിച്ചെന്നും ഇതിന് സാധിക്കാതെ വന്നതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നെന്നും കോൺസ്റ്റബിൾ പറഞ്ഞു. ആസ്ത്മാ രോഗിയായ സീനിയർ കോൺസ്റ്റബിൾ ജസ്ദീപ് സിംഗിന് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സംഘർഷത്തിനിടെ കോൺസ്റ്റബിൾ സ്വയം രക്ഷാർത്ഥമാണ് വെടിവച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം, എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് നസീബ് സിംഗെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും പോലീസ് ഉത്തരവിട്ടു. തടവുകാരുടെ എസ്കോർട്ട് സമയത്ത് കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.