
അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ലെബനൻ നഗരത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു. ജനവാസ മേഖലയായ സെന്‍ററ പാർക്കിന് സമീപമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം നടത്തിയത് പേവിഷബാധ ബാധിച്ച മൃഗമായിരിക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ രണ്ട് പേർക്ക് കൂടി മൃഗത്തിന്‍റെ കടിയേറ്റു. പിന്നാലെ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഒരു പാർക്കിംഗ് ലോട്ടിൽ നിർത്തിയിട്ടിരുന്ന യു-ഹോൾ ട്രക്കിന് സമീപമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ചെറിയൊരു ജീവി ഓടിയടുക്കുന്നതും, അതിലൊരാളുടെ കാലിലും ബാഗിലും കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിസാഹസികമായി ഇയാൾ മൃഗത്തെ ചവിട്ടി മാറ്റിയതിനെ തുടർന്ന് ഇത് ട്രക്കിനടിയിലേക്ക് ഓടിപ്പോവുകയായിരുന്നു.
A mystery animal has attacked three separate people in Lebanon, New Hampshire in under 48 hours - grabbing one man’s bag, latching onto another’s legs. Police still can’t confirm if it’s a gray fox or a fisher cat. Their top concern: rabies.
They’re searching with drones and… pic.twitter.com/fpCHP1i5bl— Tony Lane 🇺🇸 (@TonyLaneNV) September 3, 2026
ഇതൊരു 'ഗ്രേ ഫോക്സ്' (കുറുക്കൻ വർഗ്ഗത്തിൽപ്പെട്ട ജീവി) അല്ലെങ്കിൽ 'ഫിഷർ' (വലിയ വീസൽ ഇനം) ആകാനാണ് സാധ്യതയെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, ഏത് ജീവിയാണെന്ന് ഉറപ്പിക്കാൻ കഴിയാത്തതും അതിനെ പിടികൂടാൻ കഴിയാത്തും വലിയ ആശങ്കയാണ് ഉയർത്തുന്നത്. മൂന്ന് സംഭവങ്ങൾക്കും പിന്നിൽ ഒരേ മൃഗം തന്നെയാണെന്നാണ് പോലീസിന്‍റെ നിഗമനം. സാധാരണയായി വന്യമൃഗങ്ങൾ പ്രകോപനമില്ലാതെ മനുഷ്യരെ ആക്രമിക്കാറില്ലെന്ന് ലെബനൻ പോലീസ് ചീഫ് ഫിലിപ്പ് റോബർട്ട്സ് വ്യക്തമാക്കുന്നു. ഒപ്പം ഭയം കൂടാതെ 'അജ്ഞാത ജീവി' മനുഷ്യരെ വീണ്ടും വീണ്ടും ആക്രമിക്കുന്നുണ്ടെങ്കിൽ അതിന് പേവിഷബാധ ഉണ്ടാകാനുള്ള വ്യക്തമായ ലക്ഷണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിയെ കണ്ടെത്താനായി പോലീസും ന്യൂഹാംഷെയർ ഫിഷ് ആൻഡ് ഗെയിം വകുപ്പും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. പ്രദേശവാസികളോ സന്ദർശകരോ യാതൊരു കാരണവശാലും ഈ ജീവിയെ സമീപിക്കാനോ, പിടികൂടാനോ, അതിന് ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അസാധാരണമായി പെരുമാറുന്ന മൃഗങ്ങളെ കണ്ടാൽ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറി പോലീസിനെയോ വന്യജീവി വകുപ്പിനെയോ വിവരമറിയിക്കണം. വന്യമൃഗങ്ങളുടെ കടിയോ പോറലോ ഏൽക്കുന്നവർ മുറിവ് ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.