ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് കുടുംബ കോടതിയിൽ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ദമ്പതികൾ തമ്മിൽ ഏറ്റുമുട്ടി. ഭാര്യയെയും കുടുംബത്തെയും ആക്രമിച്ച ഭർത്താവിന്‍റെയും സുഹൃത്തിന്‍റെയും ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ കോടതിയിലെത്തിയ ദമ്പതികൾ പോലീസും അഭിഭാഷകരും നോക്കി നിൽക്കെ കോടതി കെട്ടിടത്തിനുള്ളിൽ വച്ച് പരസ്പരം തമ്മിൽ തല്ലി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് കുടുംബ കോടതിയിൽ സെപ്റ്റംബർ 24-നാണ് സംഭവം. കോടതിവളപ്പിനുള്ളിൽ നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
കോടതി കെട്ടിടത്തിൽ സംഘർഷം
വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിന്‍റെ വാദം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നടന്നത്. പ്രിയ ത്രിപാഠിയുടെ പിതാവ് ലക്ഷ്മികാന്ത് കേസിൽ മൊഴി നൽകാനെത്തിയിരുന്നു. നടപടികൾ പൂർത്തിയായ ശേഷം പ്രിയയും സഹോദരി പ്രിയങ്കയും പിതാവും കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങി താഴത്തെ നിലയിലെ ഹാളിലെത്തിയപ്പോഴാണ്, പ്രിയയുടെ ഭർത്താവും മറ്റൊരാളും ചേർന്ന് ഇവരെ അക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രിയ നൽകിയ പരാതിയിൽ, ഭർത്താവ് മനീഷ് കുമാർ മിശ്രയും കൂടെയുണ്ടായിരുന്ന മറ്റൊരാളും തന്നെ ആക്രമിച്ചെന്ന് പറയുന്നു.
പ്രിയയുടെ മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തേക്ക് തള്ളിയിടുകയും കഴുത്ത് ഞെരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭർത്താവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകളെ രക്ഷിക്കാൻ ഇടപെട്ട പിതാവിനെയും സഹോദരിയെയും ഇരുവരും ക്രൂരമായി ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം അഭിഭാഷകരും കോടതിയിലെത്തി മറ്റുള്ളവരും സംഭവം കണ്ട് നിൽക്കുന്നതും മറ്റ് ചിലർ ഭർത്താവിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും കാണാം. ഒടുവിൽ പോലീസെത്തി ഇയാളെ പിടിച്ച് മാറ്റുന്നതും വീഡിയോയിൽ കാണാം.
പരാതി, കേസ്, പിന്നാലെ അറസ്റ്റ്
സംഭവത്തിന്‍റെ ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ സംഘർഷം കാണാം. തർക്കം രൂക്ഷമായതോടെ കോടതി വളപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഘർഷം നിയന്ത്രിക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പ്രിയ കോട്ട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുടുംബ തർക്കവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടായതായും അവർ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കോട്ട്വാലി മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


