ആഡംബര ഹോട്ടൽ മുറിയിൽ അപരിചിതർ; 6 വയസുകാരി കരഞ്ഞുകൊണ്ട് പുറത്തേക്കോടി, പോസ്റ്റുമായി യുവതി

Published : Jan 15, 2026, 03:07 PM IST
hotel room

Synopsis

ജയ്പൂരിലെ ആഡംബര ഹോട്ടലിൽ താമസിച്ച തന്‍റെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി യുവതി. അനുവാദമില്ലാതെ രണ്ട് അപരിചിതർ മുറിയിൽ പ്രവേശിച്ചത് ആറ് വയസ്സുകാരിയെ ഭയപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. 

വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ പ്രമുഖ ആഡംബര ഹോട്ടലിൽ തങ്ങിയ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ ആണ് ജയ്പൂരിലെ ഹോട്ടലിനെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹോട്ടൽ ജീവനക്കാർ അതിഥികളുടെ സ്വകാര്യത ലംഘിച്ചുവെന്നും തന്റെ 6 വയസുള്ള സഹോദരപുത്രിയെ ഇത് വലിയ രീതിയിൽ ഭയപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. മുറി വൃത്തിയാക്കാൻ ആരും ആവശ്യപ്പെടാതിരുന്നിട്ടും, യാതൊരു മുന്നറിയിപ്പും നൽകാതെ ജീവനക്കാർ അതിഥികൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി എന്നാണ് ജാൻവി പറയുന്നത്.

തന്റെ ആറ് വയസ്സുകാരിയായ സഹോദരപുത്രി മുറിയിലേക്ക് ചെന്നപ്പോൾ അവിടെ നെയിം ബാഡ്ജുകൾ പോലുമില്ലാത്ത രണ്ട് അപരിചിതരായ പുരുഷന്മാരെ കണുകയായിരുന്നു. അവരെ കണ്ട ഭയത്തിൽ കുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും ജാൻവി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചു. 'ആരെങ്കിലും കുളിക്കുകയോ വസ്ത്രം മാറിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ ഉറങ്ങുകയോ ചെയ്യുന്ന സമയത്താണ് ഇവർ ഇത്തരത്തിൽ അകത്തു കയറുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഞങ്ങളുടെ വ്യക്തിപരമായ സാധനങ്ങൾ നഷ്ടപ്പെട്ടാലോ, മകൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലോ ആര് ഉത്തരവാദിത്തം ഏൽക്കും?' എന്ന് അവർ പോസ്റ്റിൽ ചോദിക്കുന്നു.

കുടുംബം അത്താഴം കഴിക്കാൻ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് ഹോട്ടൽ അധികൃതർക്ക് അറിയാമായിരുന്നുവെന്നും, ആ സമയം നോക്കി ഇത്തരത്തിൽ മുറിയിൽ പ്രവേശിച്ചത് സംശയാസ്പദമാണെന്നും ജാൻവി ആരോപിക്കുന്നു. മുറിയിൽ കുട്ടി തനിച്ചായിരുന്ന സമയത്ത് ഇവർ കയറുകയും എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന തന്റെ ഭയവും അവർ പങ്കുവെച്ചു. ഒരു ആഡംബര ഹോട്ടലിൽ നിന്ന് ഇത്തരത്തിൽ അതിഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജാൻവി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

പിന്നീട്, കുടുംബം ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പർവൈസറോടും ജീവനക്കാരോടും വിശദീകരണം തേടി. എന്നാൽ, അവ്യക്തമായ മറുപടി നൽകിയതല്ലാതെ, ആരൊക്കെയാണ് മുറിയിൽ കയറിയതെന്നോ എന്തിനാണ് കയറിയതെന്നോ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചുതരാനും ഹോട്ടൽ അധികൃതർ വിസമ്മതിച്ചു. തങ്ങളെ ഏറ്റവും പ്രകോപിതരാക്കിയത് ജനറൽ മാനേജരുടെ പ്രതികരണമായിരുന്നു എന്നാണ് യുവതി പറയുന്നത്. മുറിയിൽ കയറിയാൽ എന്താ കുഴപ്പം എന്നായിരുന്നു ജനറൽ മാനേജർ ചോദിച്ചത്.

 

 

'ഇതൊരു ചെറിയ കാര്യമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ, നമ്മൾ ജീവിക്കുന്നത് അത്ര സുരക്ഷിതമായ ഒരു ലോകത്തല്ല. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും മനുഷ്യക്കടത്തും നിത്യസംഭവങ്ങളാണ്. ഇത്തരം സാഹചര്യത്തിൽ സ്വന്തം മക്കൾ എവിടെയാണ്, ആരുടെ കൂടെയാണ് എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് എപ്പോഴും ആശങ്കയുണ്ട്. ഒരു ആഡംബര ഹോട്ടൽ പോലും സുരക്ഷിതമല്ലെങ്കിൽ പിന്നെ എവിടെയാണ് സുരക്ഷ?' എന്ന് ജാൻവി ചോദിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അശ്ലീല സിനിമാലോകം ഉപേക്ഷിച്ചു? ഈശ്വരനിലേക്ക് കൂടുതലടുക്കണം, 'ജ്ഞാനസ്നാനം' സ്വീകരിച്ച് ഒൺലി ഫാൻസ് താരം
സങ്കടം വന്നുപോയി; 1 മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചു, യുവതിക്ക് പറ്റിയ അബദ്ധം