
ട്രെയിനിലെ ഒരു ഫസ്റ്റ് എസി കൂപ്പെയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാ വിഷയം. പൂക്കളും ബലൂണുകളും ലൈറ്റുകളും ഒക്കെ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന കൂപ്പെ ആളുകളിൽ അമ്പരപ്പുണ്ടാക്കുകയാണ്. നവദമ്പതികൾക്കായി അലങ്കരിച്ചിരിക്കുന്നതാണ് ഈ കൂപ്പെ എന്നാണ് പറയുന്നത്. മഹാരാഷ്ട്രയിലെ ജൽനയിലുള്ള 'റാഹത്ത് റൂം ഡെക്കറേഷൻ' എന്ന ഇവന്റ് ഡെക്കറേഷൻ സർവീസ് ഗ്രൂപ്പാണ് ഈ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചെന്നൈയിലേക്ക് പോകുന്ന ഈ ട്രെയിൻ അലങ്കരിച്ചതെന്നാണ് ഇവർ പറയുന്നത്.
റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന ട്രെയിനിന്റെ പുറംഭാഗവും തുറന്നുകിടക്കുന്ന വാതിലുമാണ് വീഡിയോയിൽ ആദ്യം തന്നെ കാണുന്നത്. തുടർന്ന് ട്രെയിനിന്റെ അകത്തെ കാഴ്ചകൾ കാണാം. പിന്നീട് ഒരു പ്രത്യേക കൂപ്പെയാണ് കാണുന്നത്. ഈ കൂപ്പെയിലേക്ക് കടക്കുമ്പോൾ തന്നെ ഹൃദയത്തിന്റെ ആകൃതിയിലുള്ള കട്ടൗട്ടുകളുള്ള പിങ്ക് മുത്തുകൾ കോർത്ത കർട്ടൻ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. കൂപ്പെയുടെ മുകൾവശം മുഴുവൻ ചുവപ്പും വെള്ളയും ബലൂണുകളാൽ മൂടിയിരിക്കുകയാണ്. തറയിൽ ചുവന്ന റോസാപ്പൂ ഇതളുകൾ വിതറിയിട്ടുണ്ട്. ചുവരുകളിലും ജനലുകൾക്ക് സമീപവും റോസാപ്പൂക്കൾ അടക്കം പൂക്കൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നതും കാണാം.
A video showing a First AC coach beautifully decorated like a room has gone viral on social media sparking mixed reactions online. 🚂✨#IndianRailways #ViralVideo #FirstAC pic.twitter.com/CBLGbqe1nv
— contentkikamii (@contentkikamii) July 8, 2026
താഴത്തെ ബെർത്ത് വെള്ള വിരികൾ വിരിച്ച് വൃത്തിയാക്കിയിട്ടിരിക്കുന്നു. ഇതിന്റെ നടുവിലായി ചുവപ്പും വെള്ളയും പൂവിതളുകൾ കൊണ്ട് വലിയൊരു ഹൃദയത്തിന്റെ രൂപത്തിൽ അലങ്കരിച്ചിരിക്കുന്നു. മുകളിലെ മടക്കിവെച്ച ബെർത്തിൽ 'ഐ ലവ് യൂ' എന്ന് എഴുതിയ കട്ടൗട്ടുകളും കാണാം. അലങ്കാരങ്ങൾക്കിടയിലൂടെ ചെറിയ ഫെയറി ലൈറ്റുകളും കാണുന്നുണ്ട്.
'സുഹാഗ്‌രാത് എക്സ്പ്രസ്' എന്നതടക്കമുള്ള രസകരമായ ക്യാപ്ഷനോടെയാണ് പലരും ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. പലരും ഇത് മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ റെയിൽവേയുടെ അനുമതിയോടെയാണോ ഇത് ചെയ്തത് എന്ന് ചോദിച്ചവരുമുണ്ട്.