വെള്ളപ്പൊക്കത്തിൽ വലഞ്ഞവർക്ക് മുന്നിൽ രക്ഷകനായി 'സ്പൈഡർമാൻ'; നഗരസഭയ്ക്ക് ഉത്തരവാദിത്വം വേണമെന്ന് നെറ്റിസെൺസ്, വീഡിയോ

Published : Jul 08, 2026, 01:48 PM IST
 Bhiwandi’s Spider Man

Synopsis

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കനത്ത മൺസൂൺ മഴയിൽ റോഡുകൾ മുങ്ങിയപ്പോൾ, സ്പൈഡർമാൻ വേഷത്തിലെത്തിയ ഷദാബ് മോമിൻ എന്ന യുവാവ് യാത്രക്കാരെ സഹായിക്കുകയും അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിക്കുകയും ചെയ്തു. സ്കൂൾ കുട്ടികളെ തോളിലേറ്റിയും വാഹനങ്ങൾക്ക് വഴികാട്ടിയും ജനശ്രദ്ധ നേടിയ ഈ 'റിയൽ ലൈഫ് ഹീറോ'യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

 

ഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കനത്ത മൺസൂൺ മഴയെത്തുടർന്ന് റോഡുകൾ തോടുകളായപ്പോൾ യാത്രക്കാർക്ക് സഹായവുമായി ' സ്പൈഡർമാൻ' രംഗത്തിറങ്ങി. നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സൂപ്പർ ഹീറോ വേഷമണിഞ്ഞ് തെരുവിലെത്തിയ ഷദാബ് മോമിൻ എന്ന യുവാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. "വലിയ ശക്തികൾക്കൊപ്പം വലിയ ഉത്തരവാദിത്തവുമുണ്ട്" എന്ന പ്രശസ്തമായ കോമിക്സ് വരികളെ അന്വർത്ഥമാക്കുകയാണ് മഹാരാഷ്ട്രയിലെ ഭീവണ്ടിയിലുള്ള വഞ്ജർ പട്ടി നാക്ക പ്രദേശത്തെ ഈ യുവാവ്.

കനത്ത മഴയിൽ നഗരം മുങ്ങുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തപ്പോൾ, അധികൃതരെ കാത്തുനിൽക്കാതെ ഷദാബ് മോമിൻ എന്ന പ്രാദേശിക കണ്ടന്‍റ് ക്രിയേറ്റർ സ്പൈഡർമാന്‍റെ വേഷമണിഞ്ഞ് തെരുവിലേക്ക് ഇറങ്ങി. വെള്ളത്തിനടിയിലായ റോഡുകളിലെ മാരകമായ കുഴികളിൽ വീഴാതെ വാഹനങ്ങളെ സുരക്ഷിതമായി തിരിച്ചുവിടാനും, സ്കൂൾ കുട്ടികളെ തോളിലേറ്റി റോഡ് മുറിച്ചുകടത്താനും ഈ 'സ്പൈഡർമാൻ' മുന്നിൽ നിന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഷദാബിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

എന്തുകൊണ്ട് സ്പൈഡർമാൻ വേഷം?

താൻ ഈ വേഷം തെരഞ്ഞെടുത്തതിനെക്കുറിച്ച് ഷദാബ് പറയുന്നത് ഇങ്ങനെയാണ്: "സിനിമകളിൽ സ്പൈഡർമാൻ ആളുകളെ സഹായിക്കുന്നതും ജീവൻ രക്ഷിക്കുന്നതും കണ്ടാണ് ഞാൻ വളർന്നത്. റോഡിൽ വെള്ളം കെട്ടിക്കിടന്നിട്ടും നഗരസഭാ അധികൃതർ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് സിനിമയിലെ ആ പ്രചോദനം യഥാർത്ഥ ജീവിതത്തിൽ പകർത്താൻ ഞാൻ തീരുമാനിച്ചത്."വെറും സഹായം മാത്രമല്ല, ഭീവണ്ടിയിലെ മോശം അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയായിരുന്നു ഷദാബിന്‍റെ ഈ നീക്കം. കോടിക്കണക്കിന് രൂപ റോഡ് പണികൾക്കായി വർഷം തോറും ചിലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഒരു ചെറു മഴ പെയ്യുമ്പോൾ പോലും നഗരം വെള്ളത്തിനടിയിലാകുന്നത് എന്ന് അദ്ദേഹം തന്‍റെ ചോദിക്കുന്നു.

 

 

ചിരിയും ചിന്തയും പടർത്തി സോഷ്യൽ മീഡിയ

യാത്രക്കാരെ സഹായിക്കുന്നതിനിടയിൽ ആളുകൾക്ക് കൈകൊടുത്തും കുട്ടികളെ തോളിലെടുത്തും നടന്നുനീങ്ങുന്ന ഷദാബിന്‍റെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളാണ് വരുന്നത്. "ഇതൊരു മനോഹരമായ സൈഡ് ക്വസ്റ്റ് തന്നെയാണ്" എന്ന് ചിലർ കുറിച്ചപ്പോൾ, "സ്പൈഡർമാൻ: ഇന്ത്യ ചാപ്റ്റർ" എന്നാണ് മറ്റു ചിലർ ഇതിനെ വിശേഷിപ്പിച്ചത്.എല്ലാവരും സ്വാർത്ഥരായി മാറുന്ന ഈ കാലത്ത്, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സമയം മാറ്റിവെച്ച ഷദാബ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു 'അപൂർവ്വ മനുഷ്യൻ' ആണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം

മുംബൈയും സമീപപ്രദേശങ്ങളും കനത്ത മഴക്കെടുതിയിലാണ്. ജൂലൈ ഒന്നു മുതൽ പെയ്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ പത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനത്ത വെള്ളക്കെട്ടും റെയിൽവേ തടസ്സങ്ങളും കാരണം മുംബൈയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

അതിതീവ്ര മഴയിൽ നിരവധി പാമ്പുവളർത്ത് കേന്ദ്രങ്ങൾ വെള്ളത്തിൽ, പിന്നാലെ ഒഴുകിയെത്തിയത് വിഷപ്പാമ്പുകളടക്കം 900 പാമ്പുകൾ; വീഡിയോ
സാരിയുടുത്ത് 'റോക്കറ്റ് വേഗത്തിൽ' മുത്തശ്ശിയുടെ വർക്കൗട്ട്; ‌ഞെട്ടിയത് സോഷ്യൽ മീഡിയ, ഒപ്പം കനക്കുന്ന സുരക്ഷാ ചർച്ചയും!