
ഭൂചലനത്തിനിടയിലും ഓപ്പറേഷൻ ടേബിളിലുണ്ടായിരുന്ന രോഗിക്ക് സ്വന്തം ശരീരംകൊണ്ട് സംരക്ഷണമൊരുക്കിയ രണ്ട് സർജന്മാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ജൂലൈ 28 -ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഉപകരണങ്ങളും ട്രോളികളും മറിഞ്ഞുവീഴുന്നതും ചില മെഡിക്കൽ ജീവനക്കാര്‍ നിലത്തു വീഴുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഇതിനിടയില്‍, മയക്കത്തിലായിരുന്ന രോഗിക്ക് മുകളിൽ സ്വന്തം ശരീരംകൊണ്ട് മറ തീര്‍ത്ത് അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന രണ്ട് സര്‍ജന്മാരെയാണ് വീഡിയോയില്‍ കാണുന്നത്.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചത്. 'കടുത്ത സമ്മർദ്ദത്തിനിടയിലും ശസ്ത്രക്രിയ നടത്തുകയെന്നാല്‍ ഇതാണ്. ജപ്പാനിലെ കുമാമോട്ടോ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയക്കിടെ ഭൂചലനമുണ്ടായപ്പോള്‍... ശസ്ത്രക്രിയാ സംഘം രോഗിയെ സുരക്ഷിതമായി പിടിച്ച് ശാന്തരായി നിന്നു' യുകെയിലെ ഗ്യാസ്ട്രോഎൻ്റോളജിസ്റ്റ് കീത്ത് സിയു എക്സിൽ കുറിച്ചു.
'ഓരോരുത്തരും സാഹചര്യം പരമാവധി മികച്ച രീതിയില്‍ നേരിടാന്‍ ശ്രമിച്ചു' എന്നാണ് ആശുപത്രി വക്താവായ ഷോട്ടാരോ യോഷിഹാറ 'ന്യൂയോർക്ക് ടൈംസിനോട്' പറഞ്ഞത്. 'ഞങ്ങളെപ്പോലെയുള്ള ഒരു വലിയ ആശുപത്രിക്ക് പരിചരണം നല്‍കാന്‍ കഴിയാതെ വന്നാല്‍ അത് വലിയ ആഘാതമായിരിക്കും. ശസ്ത്രക്രിയകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ ഞങ്ങളെല്ലാവരും പൂർണ്ണ ആത്മാർത്ഥതയോടെയാണ് പ്രവര്‍ത്തിച്ചത്' എന്നും യോഷിഹാറ കൂട്ടിച്ചേർത്തു. ഭൂചലന സമയത്ത് ആശുപത്രിയില്‍ നാല് ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. ഭൂചലനം നിന്നയുടന്‍ ഇവ പൂര്‍ത്തിയാക്കിയതായും വക്താവ് വ്യക്തമാക്കി.
This is what operating under extreme pressure looks like.
Surgeons at Kumamoto General Hospital in Japan were mid-operation when a 7.1 magnitude earthquake struck on the 28th of July.
You can see the anaesthetised patient and equipment in the operating theatre swaying… pic.twitter.com/pSbJtYXiLA— Keith Siau (@drkeithsiau) August 7, 2026
രോഗിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയത്. ഭൂചലനത്തിന്‍റെ തീവ്രതയെക്കുറിച്ച് ഒരാള്‍ കുറിച്ചത് ഇങ്ങനെ: 'ഇത് തികച്ചും അവിശ്വസനീയമാണ്, ഒരു നിമിഷത്തേക്ക് എല്ലാം ഉയര്‍ന്നുപോയതുപോലെ തോന്നി. എങ്കിലും സര്‍ജന്മാര്‍ക്കും മെഡിക്കല്‍ സംഘത്തിനും വലിയ അഭിവാദ്യങ്ങള്‍'.
ജപ്പാനിലെ ക്യൂഷു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കുമാമോട്ടോയില്‍ ഭൂചലനം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ തകർന്നുവീഴുകയും 38 പേര്‍ മരിക്കുകയും ചെയ്തു.