നാഗ്പൂർ-മുംബൈ ദുരോന്തോ എക്സ്പ്രസിന് നേരെ അജ്ഞാതരുടെ കല്ലേറ്. ബോർഖേഡി സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിൽ ട്രെയിനിന്റെ ജനൽച്ചില്ലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

സാധാരണയുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വെടിച്ചില്ല് കൊണ്ട് തകരുന്ന തരത്തിൽ ഗ്ലാസ് തകർന്ന് വീണാൽ? എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരായാലും ഒന്ന് പതറിപ്പോകും. അത്തരമൊരു ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈലാവുകയാണ്. കഴിഞ്ഞ ദിവസം നാഗ്പൂർ–മുംബൈ ദുരന്തോ എക്സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണ് ഈ സംഭവം.

പൊട്ടിച്ചിതറി ജനൽച്ചില്ല്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബോർഖേഡി സ്റ്റേഷൻ പിന്നിട്ട ശേഷം നാഗ്പൂർ–മുംബൈ ദുരന്തോ എക്സ്പ്രസിന് നേരെ അജ്ഞാതൻ വലിച്ചെറിഞ്ഞ കല്ല് കൊണ്ട് ചില്ല് പൊട്ടിത്തെറിക്കുന്ന വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുകമാത്രമല്ല, ഭയപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലെ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ഒരു ട്രെയിൻ യാത്രയ്ക്കിടെ എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെടാമെന്ന ബോധം നിങ്ങളെ വേട്ടയാടും. വെടി കൊണ്ട് പൊട്ടിത്തെറിക്കുന്നതിന് സമാനമായ രീതിയിൽ ട്രെയിനിന്‍റെ ഗ്ലാസ് പൊട്ടി യാത്രക്കാരുടെ മേലേക്ക് തെറിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

Scroll to load tweet…

‘മെഷീൻ ഗൺ വെടിയൊച്ച’ പോലെ

യാത്രക്കാർ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ വലിയ ശബ്ദത്തോടെ ജനൽ ചില്ല് തകർന്നതെന്നാണ് പുറത്തുവന്ന വിവരം. ചില്ലിന്‍റെ കഷണങ്ങൾ കോച്ചിനുള്ളിലേക്ക് തെറിച്ചുവീണെങ്കിലും ഭാഗ്യവശാൽ യാത്രക്കാരിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിന്‍റെ വീഡിയോയിൽ യാത്രക്കാർ അമ്പരപ്പോടെ പ്രതികരിക്കുന്നതും കാണാം. ശബ്ദം ‘മെഷീൻ ഗൺ വെടിയൊച്ച’ പോലെയായിരുന്നുവെന്നാണ് യാത്രക്കാരിൽ ചിലർ വിശേഷിപ്പിച്ചത്.

കേസ്, അന്വേഷണം

റെയിൽവേയുടെ വിവരമനുസരിച്ച് എക്സ്പ്രസിന്‍റെ A-1, B-2, B-5 കോച്ചുകളിലെ ജനൽ ചില്ലുകൾക്ക് അക്രമണത്തിൽ കേടുപാടുണ്ടായി. രാത്രി ഏകദേശം 8.27 ഓടെയാണ് പുറത്തുനിന്ന് കല്ലോ അല്ലെങ്കിൽ അതുപോലുള്ള ഭാരമുള്ള എന്തെങ്കിലും വസ്തുവോ ജനലിൽ പതിച്ചതെന്നാണ് എസ്കോർട്ട് ജീവനക്കാരും യാത്രക്കാരും പറയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 8.46 ഓടെ RPF, GRP ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ബോർഖേഡി–സിന്ധി സെക്ഷനിലും സമീപത്തെ ബോർഖേഡി, ബ്രാഹ്മണി ഗ്രാമങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വ്യക്തിയെയോ വ്യക്തമായ തെളിവുകളോ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമണത്തെ തുടർന്ന് അജ്ഞാത വ്യക്തിക്കെതിരെ റെയിൽവേ നിയമത്തിലെ വകുപ്പ് 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനൽ തകർത്ത വസ്തു കൃത്യമായി എവിടെ നിന്നാണ് എറിഞ്ഞതെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.