
ദക്ഷിണാഫ്രിക്കയിലെ കോടതിയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതനായ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും അതിവിദഗ്ദ്ധമായി താഴേക്കിറങ്ങി ഓടിരക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്. കോടതിയിൽ പോലും ഇതാണോ അവസ്ഥ? ഇത്രപോലും സുരക്ഷ ഒരു കോടതിയിൽ ഇല്ലേ എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ പലരും ചോദിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പ്രതിരോധ കമ്പനിയായ സബർബൻ കൺട്രോൾ സെൻ്ററാണ് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ജെപ്പിലെ ജോഹന്നാസ്ബർഗ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ഇയാൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.
ഓനോഷാന താൻഡോ സാദികി എന്ന യുവാവിനെ വീട് തകർത്ത് അകത്ത് കയറി മോഷണം നടത്തിയതിനാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്.
വീഡിയോയിൽ ഇയാൾ കോടതിയുടെ മുകളിലെ നിലയിൽ നിന്നും അടുത്ത നിലയിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് കാണുന്നത്. അതിവിദഗ്ദ്ധമായി താഴേക്കിറങ്ങിയ ഇയാൾ അവിടെ നിന്നും ഏറ്റവും താഴെ എത്തുകയും അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോവുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ആരും ഇയാളെ തടയുന്നതോ, ഇയാൾക്ക് പിന്നാലെ പോകുന്നതോ ഒന്നും തന്നെ വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് വൻ വിമർശനങ്ങളാണ് ഉയരുന്നത്. കോടതിയിൽ ഇത്രയും സുരക്ഷാവീഴ്ചയാണ് എങ്കിൽ മറ്റുള്ള സ്ഥലങ്ങളിലെ കാര്യം പറയേണ്ടതുണ്ടോ എന്നായിരുന്നു മിക്കവരുടേയും സംശയം. വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയവരും ഉണ്ടായിരുന്നു. 'എങ്ങനെയാണ് മോഷണം നടത്തിയത് എന്ന് അയാൾ കാണിച്ചു തരികയാണ്' എന്ന് കമന്റ് നൽകിയവരുണ്ട്. 'ഒരു ഗുരുതരമായ കുറ്റം ചെയ്തിട്ടും അയാൾക്ക് എന്താ ഹാൻഡ്‍കഫ് ഇല്ലാത്തത്' എന്നായിരുന്നു മറ്റൊരാളുടെ സംശയം.
ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!