
കർഷക പ്രക്ഷോഭത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ മാസം ജന്തർ മന്തറിൽ അരങ്ങേറിയത്. നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ നീതി ആവശ്യപ്പെട്ട് ഏതാണ്ട് 30 -ഓളം ദിവസം വിദ്യാർത്ഥികൾ സമരം നടത്തിയ ശേഷമാണ് കേന്ദ്രസർക്കാർ സമരക്കാരുടെ ആവശ്യം കേൾക്കാൻ പോലും തയ്യാറായത്. രാജ്യം ഭാവി തലമുറയുടെ നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. അതിന്‍റെ ഫലമായി സർക്കാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വാങ്ങാൻ നിർബന്ധിതരായി. എല്ലാം രാജ്യത്തിന്‍റെ ഭാവി തലമുറയ്ക്ക് വേണ്ടി. എന്നാൽ, എല്ലാം അതോടെ ഭദ്രമായോ? ഇല്ലെന്ന് മാത്രമല്ല. അടിമുടി കുത്തഴിഞ്ഞ് കിടക്കുകയാണ് ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയെന്ന് തെളിയിക്കുന്ന മറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബിജെപി അധികാരത്തിലെത്തിയതിന് ശേഷം 26,000 സർക്കാർ പ്രൈമറി സ്കൂൾ അടച്ച് പൂട്ടിയെന്ന് അഖിലേഷ് യാദവ് ആരോപിച്ച ഉത്തർപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ കന്നൗജ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ക്ലാസ് സമയത്ത് അധ്യാപകൻ സുഖമായി കിടന്നുറങ്ങുകയും വിദ്യാർഥികൾ മൊബൈൽ ഫോണിൽ കളിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ക്ലാസ് മുറിയിലെ അച്ചടക്ക മില്ലായ്മയും അധ്യാപകന്‍റെ അനാസ്ഥയും ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായെത്തി.
मास्टर साहब आराम फरमा रहे! 😴
उत्तर प्रदेश के कन्नौज जिले के उमर्दा ब्लॉक स्थित कंपोजिट विद्यालय सिकरोरी से एक वीडियो सामने आया है, जिसमें ड्यूटी के दौरान एक शिक्षक कक्षा में सोते हुए दिखाई दे रहे हैं।
हैरानी की बात यह है कि शिक्षक के सोने के दौरान कक्षा में मौजूद बच्चे पढ़ाई… pic.twitter.com/OmXzRIpS2l— Priya singh (@priyarajputlive) August 4, 2026
വീഡിയോയിൽ മേശമേൽ നീണ്ട് നിവർന്ന് കിടന്ന് സുഖമായി ഉറങ്ങുന്ന അധ്യാപകനെ കാണാം. അതേസമയം വിദ്യാർത്ഥികൾ തങ്ങളുടെ ബഞ്ചുകളിൽ ഇരുന്ന് മൊബൈലിൽ വീഡിയോകൾ കണ്ട് സമയം കളയുന്നു. അവർ പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും അറിയാതെ അധ്യാപകൻ പരിസരം പോലും മറന്ന് ഉറങ്ങുകയായിരുന്നു.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സർക്കാർ സ്കൂളുകളിലെ പഠനനിലവാരത്തെയും അധ്യാപകരുടെ ഉത്തരവാദിത്തബോധത്തെയും കുറിച്ച് ചിലർ ചോദ്യം ചെയ്തു. സർക്കാർ വിദ്യാലയങ്ങൾ അടച്ച് പൂട്ടുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഉള്ളവ നടത്തിക്കൊണ്ട് പോകുന്നതിൽ പോലും സർക്കാറിന് താത്പര്യമില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. വീഡിയോ വൈറലായതിന് പിന്നാലെ യുപി വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ വിശദീകരണം തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട് വരുന്നത് വരെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അധികൃതർ അറിയിച്ചു.