വിയറ്റ്നാമിൽ ആശുപത്രിയിലേക്ക് പോകുംവഴി ഗർഭിണിയായ യുവതി സ്കൂട്ടിയിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി. ആശുപത്രി കവാടത്തിൽ വെച്ച് നടന്ന അപ്രതീക്ഷിത പ്രസവത്തിൽ, ആരോഗ്യപ്രവർത്തകർ ഉടൻ ഇടപെടുകയും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

വിയറ്റ്നാമിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗർഭിണിയായ യുവതി സ്കൂട്ടിയിൽ വെച്ചുതന്നെ കുഞ്ഞിന് ജന്മം നൽകിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേരാണ് യുവതിയുടെയും ആരോഗ്യപ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം ഇത്തരമൊരു അവസ്ഥയിൽ കുറച്ച് കൂടി സൗകര്യപ്രദമായ ഒരു വാഹനം ഉപയോഗിക്കാതെ സ്കൂട്ടി തെരഞ്ഞെടുത്തതിനെ മറ്റ് ചിലർ വിമർശിച്ചു.

പ്രസവം സ്കൂട്ടിയിൽ ഇരിക്കുമ്പോൾ

25-കാരിയായ യുവതിക്ക് ഓഗസ്റ്റ് 3 -ന് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് സ്കൂട്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഈ സമയം ഗർഭകാലത്തിന്‍റെ ഏകദേശം എട്ടാം മാസമായ 32 -ാം ആഴ്ച ഗർഭിണിയായിരുന്നു യുവതി. എന്നാൽ. സ്കൂട്ടി ആശുപത്രി കവാടത്തിന് മുന്നിലെത്തിയതും യുവതി പ്രസവിച്ചു. കുഞ്ഞ് ജനിച്ചു. അപ്പോഴും യുവതി സ്കൂട്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. ആശുപത്രിയ്ക്ക് മുന്നിൽ വച്ചുള്ള അസാധാരണ പ്രവസം കണ്ട നേഴ്സുമാർ ഉടനെയെത്തി. കുട്ടിയെയും അമ്മയെയും ഏറെ കരുതലോടെ പരിചരിച്ചു.

View post on Instagram

ആരോഗ്യപ്രവർത്തകരുടെ കരുതൽ

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ, ആശുപത്രിക്ക് മുന്നിൽ സ്കൂട്ടിയിലെത്തിയ യുവതിയെ ശ്രദ്ധാപൂർവം ഇറങ്ങാൻ സഹായിക്കുന്നതും ഒപ്പം പൊക്കിൾക്കൊടി മുറിച്ച് മാറ്റാത്ത നവജാത ശിശുവിന്‍റെ ശരീരോഷ്മാവ് നിലനിർത്താനായി പൊതിഞ്ഞ് പിടിച്ച് നിൽക്കുന്ന നേഴ്സിനെയും കാണാം. തുടർന്ന് പൊക്കിൾക്കൊടി മുറിച്ചശേഷം അമ്മയെയും കുഞ്ഞിനെയും കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രസവവിഭാഗത്തിലേക്ക് മാറ്റി.

അമ്മയും കുഞ്ഞും സുരക്ഷിതർ

ഏകദേശം രണ്ട് കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞാണ് ജനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ നടത്തിയ അതിവേഗ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്‍റെയും സുരക്ഷ ഉറപ്പാക്കിയതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.