പശ്ചിമ ഓസ്‌ട്രേലിയൻ തീരത്ത്, 'ഫ്രാഗിൾ' എന്ന അമ്മ ഡോൾഫിൻ മരിച്ച കുഞ്ഞിനെയും കൊണ്ട് ആറു ദിവസത്തോളം നീന്തി. ഈ ഹൃദയഭേദകമായ ദൃശ്യം മൃഗങ്ങളിലെ ദുഃഖത്തെയും മാതൃബന്ധത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ശാസ്ത്രലോകം ഇത്തരം പെരുമാറ്റങ്ങളെക്കുറിച്ച് പഠനം തുടരുകയാണ്.

ശ്ചിമ ഓസ്‌ട്രേലിയയുടെ തീരത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ അമ്മ ഡോൾഫിൻ മരിച്ച കുഞ്ഞിനെയും ശരീരത്തോട് ചേർത്തു പിടിച്ച് നീന്തിയത് ആറു ദിവസത്തോളം. ഹൃദയഭേദകമായ ആ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. ഓസ്‌ട്രേലിയൻ സമുദ്ര സംരക്ഷണ സംഘടനയായ ജിയോഗ്രാഫ് മറൈൻ റിസർച്ച് (Geographe Marine Research) ഡ്രോണിന്‍റെ സഹാത്താൽ പകർത്തിയ വീഡിയോയാണ് ലോകമെമ്പാടുമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

കുഞ്ഞിനെ വിട്ടുകൊടുക്കാതെ...

'ഫ്രാഗിൾ' (Fraggle) എന്ന പേരിലുള്ള പെൺ ഡോൾഫിനാണ് രണ്ടാഴ്ച മാത്രം പ്രായമായിരുന്ന തന്‍റെ കുഞ്ഞ് ചത്ത ശേഷവും അതിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ കുഞ്ഞിന്‍റെ മൃതദേഹവുമായി നീന്തിയത്. നീന്തുമ്പോൾ തിരമാലകളിൽ തട്ടി കുഞ്ഞിന്‍റെ മൃതദേഹം ശരീരം താഴേക്ക് വഴുതിപ്പോകുമ്പോഴെല്ലാം അത് വീണ്ടും വീണ്ടും മുകളിലേക്ക് താങ്ങിയെടുത്ത് കൊണ്ടുവരികയും മുന്നോട്ട് നീന്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെയും കൊണ്ട് ഫ്രാഗിൾ നീന്തുമ്പോൾ മറ്റ് ഡോൾഫിനുകൾ അവൾക്കൊപ്പം നീന്താനുണ്ടായിരുന്നെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Scroll to load tweet…

ഈ അപൂർവ കാഴ്ച സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും ദുഃഖവും നഷ്ടബോധവും അനുഭവപ്പെടുന്നുവെന്നതിന് ഇത് തെളിവാണെന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട പലരും അതീവ വികാരഭരിതമായ പ്രതികരണങ്ങളാണ് പങ്കുവെച്ചത്. അതേസമയം, ഡോൾഫിനുകളുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ശാസ്ത്രലോകം ഇപ്പോഴും പഠനം തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുമ്പും കണ്ടെത്തിയ സ്വഭാവം, പക്ഷേ...

മരിച്ച കുഞ്ഞിനെ ദിവസങ്ങളോളം ചുമന്നുനടക്കുന്ന ഈ പ്രവൃത്തി യഥാർഥ ദുഃഖപ്രകടനമാണോ, അതോ മാതൃസഹജമായ സ്വഭാവത്തിന്‍റെ ഭാഗമാണോയെന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. എങ്കിലും തിമിംഗലങ്ങളും ഡോൾഫിനുകളും ഉൾപ്പെടെയുള്ള സമുദ്ര സസ്തനികളിൽ തങ്ങളുടെ കൂട്ടത്തിലൊരാൾക്ക് പരിക്കേൽക്കുമ്പോഴോ മരിക്കുമ്പോഴോ അവരെയും സംരക്ഷിക്കുകയോ അവരോടൊപ്പം കൂട്ടുകയോ ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ മുമ്പും രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.