
മനുഷ്യരുടെ പലകാര്യങ്ങളും മൃഗങ്ങൾ അനുകരിക്കുന്നത് സാധാരണമാണ്. ഏറ്റവും ഒടുവിലായി ഓസ്ട്രിയയിൽ നിന്നുള്ള വെറോണിക്ക എന്ന പശു തന്‍റെ പുറം ചൊറിയാനായി കമ്പുകളും വലിയ ബ്രഷുകളും ഉപയോഗിക്കുന്നുവെന്ന വാർത്ത വലിയ വാർത്താ പ്രാധാന്യം നേടി. മനുഷ്യർ ഉപയോഗിക്കുന്നത് കണ്ട് മൃഗങ്ങളും ചില ശീലങ്ങൾ അനുകരിക്കുന്നതായി ഗവേഷകരും വെറോണിക്കയെ ചൂണ്ടിക്കാട്ടി സമർത്ഥിക്കുന്നു. എന്നാൽ വെറും 10 ദിവസം മാത്രം പ്രായമുള്ള ഒരു ആട്ടിൻ കുട്ടി തന്നെ വിൽക്കുന്നത് തടയാനായി സ്വയം മരിച്ചതായോ അസുഖ ബാധിതനായോ അഭിനയിക്കുന്നത് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ആടിന്‍റെ പ്രത്യേക കഴിവ് ശ്രദ്ധയിൽപ്പെട്ട അതിന്‍റെ ഉടമ ലക്ഷം രൂപ ഓഫർ ലഭിച്ചിട്ടും അതിനെ വിൽക്കുന്നില്ലെന്ന് തീരുമാനത്തിലാണ്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ നിങ്‌സിയയിലെ ഷിസുയിഷാനിലെ പിംഗ്ലുവോ കൗണ്ടിയിലെ ബാവോഫെങ് ടൗണിലെ സോങ്‌ഫാങ് വില്ലേജിൽ നിന്നുള്ള ഒരു ആട്ടിൻകുട്ടിയാണ് തന്‍റെ അസാമാന്യമായ അഭിനയത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ജനിച്ച് പത്ത് ദിവസം മാത്രമാണ് അതിന്‍റെ പ്രായം. ആട്ടിൻകുട്ടിയുടെ ഉടമയായ കർഷകനായ ജിൻ സിയാവോലിൻ പറയുന്നതനുസരിച്ച്, അദ്ദേഹം നാല് ആട്ടിൻകുട്ടികളെ വിൽക്കാൻ ഒരു പ്രാദേശിക മാർക്കറ്റിലേക്ക് കൊണ്ടുപോയി. മറ്റ് മൂന്ന് ആട്ടിൻ കുട്ടികളെയും ഓരോന്നിനും 420 യുവാൻ (ഏതാണ്ട് 5,500 രൂപ) വിറ്റു. എന്നാൽ നാലാമത്തെ ആട്ടിന്‍ കുട്ടിയെ വില്‍ക്കാൻ കഴിഞ്ഞില്ല. കാരണം ആരെങ്കിലും അവനെ എടുക്കാനായി അടുത്ത് ചെല്ലുമ്പോഴേക്കും അവന്‍ ചത്തത് പോലെ കിടക്കും. ഇതോടെ ആട്ടിൻ കുട്ടിക്ക് എന്തോ അസുഖമാണെന്ന് കരുതി വാങ്ങാനെത്തുന്നവർ പിന്മാറും. ആളുകൾ മാറിയെന്ന് വ്യക്തമായാൽ അവന്‍ പുതിക്കെ തല പൊക്കി എഴുന്നേൽക്കും. ആട്ടിൻ കുട്ടിയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ച ജിൻ സിയാവോലിൻ, ഒടുവിൽ അവനെ വിൽക്കുന്നില്ലെന്ന് തീരുമാനിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.
വീട്ടിലെത്തിയ ആട്ടിൻ കുട്ടിയുടെ പ്രത്യേക പെരുമാറ്റം ജിന്നിന്‍റെ ഒരു ബന്ധു ചിത്രീകരിക്കുകയും വീഡിയോ ഓണ്‍ലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ അവന്‍ സമൂഹ മാധ്യമങ്ങളിൽ താരമായി. 'നടിക റാണി കുഞ്ഞാട്' എന്ന വിശേഷണവും അവന് ലഭിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ വീഡിയോ കോടിക്കണക്കിന് ആളുകൾ കണ്ടു. പിന്നാലെ പ്രദേശവാസികൾ അവനെ കാണാനായി ജിന്നിന്‍റെ വീട്ടിലെത്തി. ദൂരെ ദേശത്തുള്ളവർ അവനെ ഒന്ന് കാണാമായി അനുവാദം ചോദിച്ച് ജിന്നിനെ വിളിച്ചു തുടങ്ങി. ഇതോടെ കുഞ്ഞാടിനെ ഇനി വില്ക്കുന്നില്ലെന്ന തീരുമാനത്തിൽ ജിന്നെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആടിന്‍റെ പ്രശസ്തി വർദ്ധിച്ചതോടെ 1,90,000 യുവാൻ (ഏതാണ്ട് 25,10,000 രൂപ) വരെ അവന് വാഗ്ദാം ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലായി 10 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇന്ന് ഈ നടിക റാണിക്കുള്ളത്.