ബസിന്റെ നിഴൽ കണ്ടാൽ മതി അവൻ ഓടിയെത്തും, പിന്നെ സ്നേഹപ്രകടനമാണ്, അതിമനോഹരമായൊരു കാഴ്ച

Published : Jan 08, 2025, 04:17 PM ISTUpdated : Jan 08, 2025, 04:25 PM IST
ബസിന്റെ നിഴൽ കണ്ടാൽ മതി അവൻ ഓടിയെത്തും, പിന്നെ സ്നേഹപ്രകടനമാണ്, അതിമനോഹരമായൊരു കാഴ്ച

Synopsis

എന്നാൽ, ഇത് അന്നൊരു ദിവസം മാത്രം സംഭവിച്ചതാണ് എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. എല്ലാ ദിവസവും ഡ്രൈവർ ഇതുപോലെ അവന് ഭക്ഷണം കൊടുക്കാൻ വേണ്ടി ബസ് നിർത്തുകയും അവന് ഭക്ഷണം നൽകുകയും ചെയ്യാറുണ്ടത്രെ.

എല്ലാ ജീവികളെയും കരുതലോടെ പരി​ഗണിക്കുന്നൊരു ലോകം മനോഹരമാണ് അല്ലേ? അത്തരം നന്മയുടെയും സ്നേഹത്തിന്റെയും ഒരുപാട് കാഴ്ചകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. വെറുപ്പും വിദ്വേഷവും നിറഞ്ഞ അനേകം കാഴ്ചകൾക്കിടയിൽ നമ്മുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയും ഹൃദയത്തിൽ ആർദ്രതയുടെ സ്പർശവുമുണ്ടാക്കാൻ ഇത്തരം കാഴ്ചകൾക്ക് സാധിക്കും. അതുപോലെ മനോഹരമായ ഒരു കാഴ്ചയാണ് ഇതും. 

നിഖിൽ സൈനി എന്ന യൂസറാണ് എക്സിൽ (ട്വിറ്ററിൽ) ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ നിന്നാണ് ഈ മനോഹരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. ഒരു ബസ് ഡ്രൈവർ ബസ് നിർത്തി ഒരു തെരുവുനായയോട് തന്റെ സൗഹൃദം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്. നായ ഓടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രൈവർ ബസ് നിർത്തുന്നത്. വിജനമായ റോഡാണ് ഇത്. ഇവിടെ വച്ച് നായയെ കണ്ട് എച്ച്ആർടിസി ബസിന്റെ ഡ്രൈവർ അത് നിർത്തുകയും അവന് ഭക്ഷണം കൊടുക്കുകയും ചെയ്യുകയാണ്. 

എന്നാൽ, ഇത് അന്നൊരു ദിവസം മാത്രം സംഭവിച്ചതാണ് എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. എല്ലാ ദിവസവും ഡ്രൈവർ ഇതുപോലെ അവന് ഭക്ഷണം കൊടുക്കാൻ വേണ്ടി ബസ് നിർത്തുകയും അവന് ഭക്ഷണം നൽകുകയും ചെയ്യാറുണ്ടത്രെ. വീഡിയോയിൽ ബസ് ദൂരെ നിന്നും വരുന്നത് കാണുമ്പോൾ തന്നെ നായ സന്തോഷത്തോടെയും ആവേശത്തോടെയും അതിനടുത്തേക്ക് ഓടി വരുന്നത് കാണാം. ബസ് നിർത്തുമ്പോൾ അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. 

ഡ്രൈവർ‌ ഇറങ്ങുമ്പോൾ ഓടി അടുത്തെത്തുകയും വളരെ ആവേശത്തോടെ തന്റെ സ്നേഹം പ്രകടിപ്പിക്കുകയുമാണ് പിന്നെ ചെയ്യുന്നത്. ഡ്രൈവറായ യുവാവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാം. 

ഹൃദയസ്പർശിയായ ഈ വീഡിയോയ്ക്ക് കമൻ‌റുകളുമായി അനേകരാണ് എത്തിയത്. എത്ര മനോഹരമായ കാഴ്ചയാണിത്, ആ ഡ്രൈവറെ ദൈവം അനു​ഗ്രഹിക്കട്ടെ തുടങ്ങിയ കമന്റുകളാണ് മിക്കവരും നൽകിയത്. 

പെൺകുട്ടികളുടെ ഹോസ്റ്റൽ, ന്യൂ ഇയർ രാത്രിയിലെ ആഘോഷം, വാർഡനും പങ്കുചേർന്നതോടെ കളറായി, ക്യൂട്ട് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു