
ഏത് ടെൻഷനിലും, വിഷമത്തിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടാൽ അറിയാതെ നമ്മുടെ ഉള്ളൊന്ന് തണുക്കും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ നിരവധി വീഡിയോ(video)കൾ ഇന്റർനെറ്റിൽ ലഭ്യമാണ്. നമ്മളെ മനസ് തുറന്ന് ചിരിപ്പിക്കാൻ പാകത്തിന് സുന്ദരമായ ഒട്ടനവധി വീഡിയോകൾ അക്കൂട്ടത്തിലുണ്ട്. ഒരു കുഞ്ഞ് ഒരു സുന്ദരിയായ സ്ത്രീയെ നോക്കി ഇരിക്കുന്ന മനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാ(viral)വുകയാണ്. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘ഘണ്ടാ’ എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ വന്നതാണ് കുട്ടി. അച്ഛന്റെയും അമ്മയുടെയും നടുക്ക് ഒരു ഉയർന്ന കസേരയിലാണ് അവൻ ഇരിക്കുന്നത്. എന്നാൽ, അവന്റെ ശ്രദ്ധ തൊട്ടടുത്തെ ടേബിളിലാണ്. അവിടെ ഇരിക്കുന്ന ഒരു സുന്ദരിയായ സ്ത്രീയുടെ മുഖത്തേയ്ക്ക് അവൻ എല്ലാം മറന്ന് നോക്കി ഇരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ആ സ്ത്രീ അവളുടെ ഫോണിൽ ധൃതിപിടിച്ച് എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവൾ അവനെ ആദ്യം ശ്രദ്ധിച്ചില്ല. അവൻ കുറച്ച് നേരം അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവളോടൊപ്പം മേശയിലിരുന്ന ഒരാൾ ആൺകുട്ടി അവളെ നോക്കുന്നത് റെക്കോർഡു ചെയ്‌തു.
ഒടുവിൽ അയാൾ പറഞ്ഞിട്ടാകണം അവൾ ഫോണിൽ നിന്ന് കണ്ണെടുത്ത് ആ കുരുന്നിനെ നോക്കി. അവന്റെ ഭാവം കണ്ട് അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ ചിരിക്കുന്നത് കണ്ടപ്പോൾ ആ ബാലനും ചിരിച്ചു. ഹൃദയം തുറന്നുള്ള അവന്റെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടാൽ ആരും അറിയാതെ ചിരിച്ച് പോകും. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. വലുതാവുമ്പോൾ പരിചയക്കാരെ പോലും കണ്ടാൽ ഒന്ന് ചിരിക്കാനോ, വിശേഷം ചോദിക്കാനോ മടിക്കുന്ന നമുക്ക്, ആ കുഞ്ഞ് നൽകുന്ന പാഠം വലുതാണ്. പലപ്പോഴും നമ്മൾ മറ്റുള്ളവർക്ക് സമ്മാനിക്കുന്ന ഒരു പുഞ്ചിരി, അവരെ കൂടുതൽ പൊസിറ്റീവ് ആക്കിയേക്കാം.