മലമുകളിൽ നിന്നും കയറിൽ തൂങ്ങിയാടി മൂന്നു വയസ്സുകാരി; കയ്യടിച്ചു പ്രോത്സാഹിപ്പിച്ച് മാതാപിതാക്കൾ

Published : Nov 10, 2022, 12:01 PM IST
മലമുകളിൽ നിന്നും കയറിൽ തൂങ്ങിയാടി മൂന്നു വയസ്സുകാരി; കയ്യടിച്ചു പ്രോത്സാഹിപ്പിച്ച് മാതാപിതാക്കൾ

Synopsis

എന്നാൽ, കഴിഞ്ഞ ദിവസം അവർ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എല്ലാവരെയും അമ്പരപ്പിച്ചു. ഒരു വലിയ മലനിരയുടെ മുകളിൽ നിന്നും കയറിൽ തൂങ്ങിയാടുന്ന കുഞ്ഞു സൈലയുടെ വീഡിയോയായിരുന്നു ഇത്.

പലവിധത്തിലുള്ള മാതാപിതാക്കൾ ഉണ്ട്. ചിലർ മക്കളുടെ കാലിൽ ഒരു മുള്ള് പോലും കൊള്ളാൻ അനുവദിക്കാതെ എപ്പോഴും തങ്ങളുടെ കൈക്കുമ്പിളിൽ സംരക്ഷിച്ചു പോരും. എന്നാൽ, മറ്റു ചിലർ അനുഭവങ്ങളിലൂടെ അവരെ വളരാൻ അനുവദിക്കും. ചെറുപ്പം മുതൽ തന്നെ ധൈര്യസമേതം എല്ലാത്തിനെയും നേരിടാനുള്ള പ്രോത്സാഹനവും അവസരങ്ങളും അവർക്ക് ഒരുക്കി കൊടുക്കും. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായി. ആ വീഡിയോയിലെ മാതാപിതാക്കളുടെ ധൈര്യം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. 

തങ്ങളുടെ മൂന്നു വയസ്സുള്ള മകളെ മൗണ്ടൈൻ റോപ്പ് സ്വീങ്ങ് നടത്താൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ മാതാപിതാക്കൾ. വലിയൊരു മലമുകളിൽ നിന്ന് കയറിൽ തൂങ്ങിയാടി ഒരു കൊച്ചുപക്ഷിയെ പോലെ ചിറകിട്ടടിച്ച് ആകാശത്തിലൂടെ വട്ടം കറങ്ങി വരുന്ന മൂന്ന് വയസ്സുകാരിയുടെ വീഡിയോ ആരെയും ഒന്ന് ഭയപ്പെടുത്തും. എന്നാൽ, വീഡിയോയിൽ അവളുടെ മാതാപിതാക്കൾക്ക് തെല്ലും ഭയം ഇല്ല എന്ന് മാത്രമല്ല അവർ അവൾക്ക് ധൈര്യം നൽകുകയും അവളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.

പ്രൊഫഷണൽ പർവതാരോഹകരാണ് മൈക്കും ജാനെല്ലെ സ്മൈലിയും. അവരുടെ മകളാണ് മൂന്നുവയസ്സുകാരി ആയ സൈല. തങ്ങളുടെ പർവ്വതാരോഹണ യാത്രകളിൽ അവർ സ്ഥിരമായി മകൾ സൈലയെയും കൊണ്ടുപോകും. അമ്മയ്ക്കും അച്ഛനുമൊപ്പം പർവ്വതങ്ങൾ കയറുന്നതും മലനിരകളിൽ കളിക്കുന്നതും എല്ലാം കുഞ്ഞു സൈലയ്ക്ക് ഒരു ഹരമാണ്. അവളുടെ ഇത്തരത്തിലുള്ള വീഡിയോകൾ എല്ലാം മൈക്കും ജാനല്ലേയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസം അവർ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എല്ലാവരെയും അമ്പരപ്പിച്ചു. ഒരു വലിയ മലനിരയുടെ മുകളിൽ നിന്നും കയറിൽ തൂങ്ങിയാടുന്ന കുഞ്ഞു സൈലയുടെ വീഡിയോയായിരുന്നു ഇത്. കയറിൽ ആടി വരുന്ന മകളെ മൈക്ക് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒരു കൊച്ചു പക്ഷിയെ പോലെ ആകാശത്തുകൂടി കൈകാലിട്ട് അടിച്ച് സൈല പറക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.

ഞങ്ങളുടെ 3.5 വയസ്സുള്ള മകൾ സൈല പുതിയൊരു കാര്യത്തിലേക്ക് ചുവട് വച്ചിരിക്കുന്നു. അവൾക്ക് ഇത് മതിയായിട്ടില്ല. വളരെ ആകാംക്ഷയിലാണ് അവൾ. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയുടെ ഹൈലൈറ്റ് ഇതാണ് എന്ന കുറിപ്പോടെയാണ് മൈക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്