80 രൂപയ്ക്ക് കാപ്പിയും സ്വന്തം കാരിക്കേച്ചറും; കൊൽക്കത്തയിലെ ചായക്കട അനുഭവം മറക്കാൻ കഴിയാത്തതെന്ന് യുഎസ് സഞ്ചാരി, വീഡിയോ

Published : Aug 17, 2026, 11:31 AM IST
Kolkata Tea Shop

Synopsis

കൊൽക്കത്ത സന്ദർശിച്ച അമേരിക്കൻ സഞ്ചാരിയായ മാർക്കസിന് ഒരു ചായക്കടയിൽ നിന്ന് വേറിട്ടൊരു അനുഭവമുണ്ടായി. കലാകാരനായ ശ്യാമ പ്രസാദ് ദേ നടത്തുന്ന കടയിൽ നിന്ന് കാപ്പിക്കൊപ്പം സ്വന്തം കാരിക്കേച്ചറും അദ്ദേഹത്തിന് ലഭിച്ചു. കാപ്പിക്കും ചിത്രത്തിനും കൂടി വെറും 80 രൂപ മാത്രം വിലയീടാക്കിയത് സഞ്ചാരിയെ അത്ഭുതപ്പെടുത്തി.

കൊൽക്കത്ത സന്ദർശനത്തിനിടെ പതിവിൽനിന്നും വ്യത്യസ്തമായൊരു സുവനീറുമായി മടങ്ങിയിരിക്കുകയാണ് അമേരിക്കൻ സഞ്ചാരി മാർക്കസ്. നഗരത്തിലെ ഒരു ചെറിയ ചായ - കാപ്പിക്കടയിൽനിന്നും കാപ്പിക്കൊപ്പം സ്വന്തമായി വരച്ച കാരിക്കേച്ചറും സ്വന്തമാക്കിയ അദ്ദേഹം, ഇതിന് നൽകിയ വില കേട്ട് അമ്പരന്നു. വെറും 80 രൂപ!

ചായക്കടയിലെ കാരിക്കേച്ചർ

കലാകാരനായ ശ്യാമ പ്രസാദ് ദേ നടത്തുന്ന കടയിലാണ് മാർക്കസിന് ഈ വേറിട്ട അനുഭവം ലഭിച്ചത്. ഏകദേശം മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ കാപ്പിയും ചായയും നൽകുന്നതിനൊപ്പം ദേ തന്‍റെ കാരിക്കേച്ചർ വരയ്ക്കാനുള്ള കഴിവും ഉപഭോക്താക്കളുമായി പങ്കിടുന്നു. കടയിലെത്തിയ മാർക്കസിന്‍റെ ശ്രദ്ധ ആദ്യം പോയത് ചുവരുകളിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളിലേക്കാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യക്തികളുമടക്കമുള്ളവരുടെ ചിത്രങ്ങൾക്കിടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ചിത്രവും മാർക്കസ് ശ്രദ്ധിച്ചു. ദേ ബംഗാളി ടെലിവിഷൻ പരിപാടിയായ ‘ദാദാഗിരി’യിലും ഗാംഗുലിക്കൊപ്പം ശ്യാമ പ്രസാദ് ദേയും പങ്കെടുത്തിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ കൗതുകം വർധിച്ചു.

ചായയ്ക്കും ചിത്രത്തിനും 80 രൂപ!

അതിനിടെ മാർക്കസിനായി അദ്ദേഹത്തിന്‍റെ കാരിക്കേച്ചർ വരയ്ക്കാൻ ദേ തീരുമാനിച്ചു. തൊപ്പിയുടെ അടിയിലൂടെ പുറത്തേക്ക് കാണുന്ന തന്‍റെ മുടിയെക്കുറിച്ച് തമാശ പറഞ്ഞുകൊണ്ട് മാർക്കസും തന്‍റെ ചിത്രം വരയ്ക്കുന്നത് ആസ്വദിച്ചു. ചിത്രം പൂർത്തിയായപ്പോൾ അത് യാത്രയുടെ പ്രധാന ഓർമയായി മാറി. എന്നാൽ, അതിലും വലിയ അത്ഭുതം വില അറിഞ്ഞപ്പോഴായിരുന്നു. കാപ്പിക്കും സ്വന്തം കാരിക്കേച്ചറിനും കൂടി വെറും 80 രൂപ മാത്രമാണ് ദേ ആവശ്യപ്പെട്ടത്. അമേരിക്കൻ സഞ്ചാരിയെ സംബന്ധിച്ച് ഇത് ഒരു ഡോളറിൽ താഴെ ചെലവിൽ ലഭിച്ച ഒരു വ്യക്തിഗത കലാസൃഷ്ടിയായി. കയ്യിൽ കാരിക്കേച്ചറും മറുകൈയിൽ കാപ്പിക്കപ്പുമായി സന്തോഷത്തോടെ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിപ്പിടിച്ച മാർക്കസ് ‘ചിയേഴ്സ്’ എന്ന് പറഞ്ഞാണ് തന്‍റെ അനുഭവം അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ സാധാരണൊരു കാപ്പി കുടി, അങ്ങനെ അദ്ദേഹത്തിന് മറക്കാനാകാത്തൊരു കലാസ്മരണയായി മാറി.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടാകണം'; ജർമ്മൻ റസ്റ്ററന്‍റിൽ വച്ച് മോശം അനുഭവമുണ്ടായെന്ന് ഇന്ത്യൻ യുവതി, വീഡിയോ
അർദ്ധരാത്രിയിൽ 16 രൂപയ്ക്ക് വസ്ത്രമെന്ന് പരസ്യം; എത്തിയത് ആയിരങ്ങൾ, പിന്നാലെ സംഘർഷം, പോലീസ് അറസ്റ്റ്; ഒരു ജന്മദിനാഘോഷത്തിന്‍റെ അവസാനം!