'ഇതാണ് സാറ്...'; സ്വന്തം കൈയിൽ നിന്നും 5 ലക്ഷം ചെലവഴിച്ച് വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റി അധ്യാപകൻ, വീഡിയോ

Published : Jan 03, 2026, 12:20 PM IST
students on first flight journey

Synopsis

കർണാടകയിലെ ഒരു സർക്കാർ സ്കൂൾ പ്രധാനധ്യാപകനായ ബിരപ്പ അന്തഗി, സ്വന്തം സമ്പാദ്യത്തിൽ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് 24 വിദ്യാർത്ഥികൾക്ക് ആദ്യ വിമാനയാത്ര ഒരുക്കി. മെറിറ്റ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് പ്രോത്സാഹനമായാണ് അദ്ദേഹം ഈ പഠനയാത്ര സംഘടിപ്പിച്ചത്.

 

പാഠപുസ്തകങ്ങൾക്കപ്പുറം വിസ്മയങ്ങളുടെ വലിയൊരു ലോകമുണ്ടെന്ന് തന്‍റെ വിദ്യാർത്ഥികൾക്ക് കാട്ടിക്കൊടുക്കാൻ സ്വന്തം സമ്പാദ്യം ചിലവാക്കി ഒരു പ്രധാനധ്യാപകൻ. കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ബഹദൂർബന്ദി ഗവൺമെന്‍റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ ബിരപ്പ അന്തഗിയാണ് തന്‍റെ സ്കൂളിലെ തെരഞ്ഞെടുത്ത 24 വിദ്യാർത്ഥികൾക്ക് ആദ്യമായി വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിച്ച് നൽകിയത്. തന്‍റെ വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്ന് ഏകദേശം 5 ലക്ഷം രൂപ ചിലവാക്കിയാണ് അദ്ദേഹം ഈ പഠനയാത്ര ഒരുക്കിയത്.

പരീക്ഷാ വിജയം, പിന്നാലെ ആകാശയാത്ര

വെറുതെയല്ല ഈ കുട്ടികളെ അദ്ദേഹം തെരഞ്ഞെടുത്തത്. 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി അദ്ദേഹം ഒരു പ്രത്യേക മെറിറ്റ് പരീക്ഷ നടത്തി. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച 24 വിദ്യാർത്ഥികളെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഒരു പ്രോത്സാഹനമാവട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. തോരണഗല്ലുവിലെ ജിൻഡാൽ വിമാനത്താവളത്തിൽ നിന്നും അങ്ങനെ അവ‍ർ 24 കുട്ടികൾ ആദ്യമായി വായുമാർഗ്ഗം സഞ്ചരിച്ചു. ജിൻഡാൽ വിമാനത്താവളത്തിൽ നിന്നും അവർ ബെംഗളൂരുവിലേക്ക് പറന്നു. വിമാനത്തിനുള്ളിലെ ഓരോ നിമിഷവും കുട്ടികൾക്ക് അത്ഭുതകരമായിരുന്നു. മെറിറ്റ് പരീക്ഷയിലൂടെ തെരഞ്ഞെടുത്ത 24 വിദ്യാർത്ഥികൾ ഉൾപ്പെടെ 40 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അധ്യാപകർ, ഉച്ചഭക്ഷണ പദ്ധതിയിലെ ജീവനക്കാർ, സ്കൂൾ വികസന സമിതി (SDMC) അംഗങ്ങൾ എന്നിവരും കുട്ടികൾക്കൊപ്പം യാത്രയിൽ പങ്കുചേർന്നു.

 

 

അധ്യാപകന് പ്രശംസ

ഗ്രാമപ്രദേശങ്ങളിൽ പരിമിതമായ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് വിമാനയാത്രയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ്. അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിശാലമാക്കാനുമാണ് താൻ ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തതെന്ന് ബിരപ്പ അന്തഗി പിന്നീട് പറഞ്ഞു. വിമാനത്താവളത്തിൽ വെച്ച് എം.പി രാജശേഖർ ഹിറ്റ്‌നൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഒരു അധ്യാപകന്‍റെ പ്രതിബദ്ധത എങ്ങനെയൊക്കെ കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ പ്രവർത്തിയെന്ന് അദ്ദേഹം പ്രശംസിച്ചു. വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്കായി സ്വന്തം പണം മാറ്റിവെച്ച ഈ അധ്യാപകന്‍റെ മാതൃകാപരമായ പ്രവർത്തനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായി. ഒരു സാധാരണ സർക്കാർ സ്കൂൾ അധ്യാപകന് എങ്ങനെ തന്‍റെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാമെന്നതിന്‍റെ തെളിവാണിതെന്ന് ചിലരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

'എന്‍റെ പണം എവിടെ'; ജ്വല്ലറി ഉടമ മറ്റൊരു ജ്വല്ലറിയിൽ കയറി ചോദിച്ചു, പിന്നാലെ മുഖത്ത് തുപ്പി, അസഭ്യം, കൈയേറ്റം, വീഡിയോ
'ഞാൻ മദ്യപിച്ചിരുന്നു, ക്രിസ്തുമസ് ആശംസകൾ'; മോഷ്ടിച്ച ഗിറ്റാർ കടയിൽ തിരികെ വച്ച് ക്ഷമാപണ കുറിപ്പെഴുതി കള്ളൻ