
മരക്കാലുകളില്‍ നിര്‍മ്മിച്ച ഇരുനില വീട് നിന്നനില്‍പ്പില്‍ കടലിലേക്ക് വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുഎസിലെ നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്കുകളിലെ തീരത്തിന് അഭിമുഖമായി നിന്ന വീടാണ് കടലേറ്റത്തില്‍ തകര്‍ന്ന് പോയത്. റോഡാന്തെയിലെ ഓഷ്യൻ ഡ്രൈവിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ തന്നെ ബീച്ചുകളിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കടലിന് അഭിമുഖമായി മണലില്‍ വലിയ മരക്കാലുകളില്‍ നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. അറ്റ്ലാന്‍റിക് തീരത്ത് വീശിയടിച്ച ഏണസ്റ്റോ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1973 പണി കഴിപ്പിച്ച, 4 കിടക്കകളും 2 ബാത്ത് റൂമുകളുമുള്ള വീട് 2018 ല്‍ 3,39,000 ഡോളറിന് (2,83,89,555 ഇന്ത്യന്‍ രൂപ) നാണ് ഇപ്പോഴത്തെ ഉടമവാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം തകരുന്ന രണ്ടാമത്തെ വീടാണിത്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്
വീഡിയോയില്‍ തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ വീടിനെ താങ്ങി നിര്‍ത്തിയിരുന്ന മരത്തൂണുകള്‍ തകരുകയും വീട് കടലിലേക്ക് വീഴുകയും ചെയ്യുന്നത് കാണാം. എന്നാല്‍ താങ്ങി നിര്‍ത്തിയ മരക്കാലുകള്‍ തകര്‍ന്നിട്ടും വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. പിന്നാലെ വീടിന്‍റെ താഴത്തെ നില മുഴുവനും മുങ്ങിപ്പോകുന്നു. ശക്തമായ തിരമാലയില്‍ ഇരുനില വീട് ഒഴുകി നടക്കുന്നതും കാണാം. വീട് തകർന്ന് വീഴുന്നതിനിടെ ആളുകള്‍ ഭയന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൌത്ത് കരോലിനയുടെ തീരങ്ങളില്‍ വലിയ തോതിലുള്ള തീരശോഷണമാണ് നടക്കുന്നത്. വലിയ തോതില്‍ കടലേറ്റമുണ്ടായതിനാല്‍ പ്രദേശത്തെ നിരവധി വീടുകള്‍ ഇതിനകം തകർന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭൂനിരപ്പിൽ നിന്ന് 2 മുതൽ 4 അടി വരെ തീരപ്രദേശത്ത് വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചത്. അതേസമയം 10 മുതൽ 15 അടി വരെ ഉയരത്തിൽ വലിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.