
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ യുഎസിലെ കുടിയേറ്റക്കാരെ വലിയ ആശങ്കയിലേക്കാണ് തള്ളിയിട്ടത്. കാറില്‍ നിന്നും ഒരു യുവതിയെ വലിച്ച് പുറത്തിട്ട്, നിലത്ത് കമഴ്ത്തിക്കിടത്തി കൈകൾ പിന്നിലേക്ക് വലിച്ച് കൈവിലങ്ങുകൾ ഇടുന്ന ഒരു വീഡിയോയായിരുന്നു അത്. സംഭവം നടന്നത് ചിക്കാഗോ നഗരത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (Immigration and Customs Enforcement -ICE) ഉദ്യോഗസ്ഥരാണ് യുവതിയെ അവരുടെ കാറില്‍ നിന്നും വലിച്ച് പറത്തിട്ട് അറസ്റ്റ് ചെയ്തത്.
കാറില്‍ പോവുകയായിരുന്ന യുവതിയെ മറ്റൊരു വാഹനത്തില്‍ പിന്തുടർന്ന് ഇടിക്കുകയും പിന്നാലെ മുഖം മറച്ച ആയുധധാരികളായ മൂന്നാല് പേർ ഇറങ്ങിവന്ന് തോക്ക് ചൂണ്ടി യുവതിയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നു. പിന്നാലെ സംഘത്തിലെ രണ്ട് പേര്‍ ചേർന്ന് യുവതിയെ കാറില്‍ നിന്നും കാലിന് പിടിച്ച് വലിച്ചിറക്കുന്നു. യുവതി ബഹളം വയ്ക്കുന്നുണ്ടെങ്കിലും ഐസിഇ ഏജന്‍റുമാർ യുവതിയെ കമഴ്ത്തിക്കിടത്തി കൈവിലങ്ങുകൾ ഇടുന്നതും വീഡിയോയില്‍ കാണാം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. അയാൾ നിങ്ങൾ ആയുധധാരികളാണെന്നും അവരൊരു സ്ത്രീയാണെന്നും വിളിച്ച് പറയുന്നതും കേൾക്കാം. മറ്റാരെങ്കിലും തങ്ങളുടെ ജോലി തടസപ്പെടുത്താതിരിക്കാന്‍ ഐസ് ഉദ്യോഗസ്ഥർ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
ദയാനെ ഫിഗുറോവ എന്ന യുവതിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജോലി സ്ഥലത്ത് നിന്നും കാപ്പി കുടിക്കാനായി പോകുമ്പോഴാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അംഗീകൃത രേഖകളില്ലാത്ത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്യുന്നതെന്നും ദയാനെ ഉദ്യോഗസ്ഥരുടെ കാറിനെ ഇടിക്കുകയായിരുന്നെന്നുമാണ് ഔദ്ധ്യോഗിക വിശദീകരണം. ദയാനെയുടെ ആക്രമണത്തില്‍ രണ്ട് ഐസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും ഔദ്ധ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതേസമയം, മണിക്കൂറുകൾക്ക് ശേഷം ഒരു കുറ്റവും ചുമത്താതെ ദയാനെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോയില്‍ എല്ലാം കൃത്യമാണെന്നും സംഭവം നടന്നപ്പോൾ താന്‍ ഭയന്ന് പോയെന്നും ദയാനെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തില്‍ തന്നെ പിടിച്ച് കൊണ്ട് പോയതില്‍ തനിക്ക് നീതി വേണമെന്നും അവര്‍ വ്യക്തമാക്കി. ചിക്കാഗോ ട്രിബ്യൂണും സംഭവം ഉദ്യോഗസ്ഥരുടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. യുഎസ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ കുടിയേറ്റക്കാര്‍ ഏറെ ആശങ്കയിലാണ്.