
ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിലെ ശുചിത്വമില്ലായ്മയെ വിമർശിച്ച് കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. മെഹർമ (Meharma) എന്ന ഇൻസ്റ്റാഗ്രാം വ്ലോഗറാണ് ബ്രിട്ടീഷ് തലസ്ഥാനത്തെക്കുറിച്ചുള്ള പൊതു ധാരണകളെ തിരുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതോടെ മൂന്നാം ലോകരാജ്യങ്ങളിൽ മാത്രമല്ല. ഒന്നാം ലോക രാജ്യങ്ങളിലും പല ലോകങ്ങളുണ്ടെന്ന് പരിഹാസ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളും കൂടി.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യയിലും പാകിസ്ഥാനിലുമുള്ളവർ ലണ്ടൻ ജീവിതത്തെ വളരെയധികം മഹത്വവൽക്കരിച്ചാണ് കാണാറുള്ളതെന്ന് മെഹർമ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾ തങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് അതിശയോക്തി കലർത്തി സംസാരിക്കുന്നത് കേട്ട് പലരും ലണ്ടൻ ഒരു സ്വർഗ്ഗമാണെന്ന് കരുതുന്നു. എന്നാൽ, യാഥാർത്ഥ്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് മെഹർമ അവകാശപ്പെടുന്നു.
ലണ്ടനിലെ പൊതുസ്ഥലങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മെഹർമ തന്‍റെ വിമർശനം ഉന്നയിച്ചത്. നഗരത്തിലെ തിരക്കേറിയ തെരുവുകളിലെയും ട്രെയിനുകളിലെയും വൃത്തിഹീനമായ സാഹചര്യങ്ങൾ ഇവർ ദൃശ്യങ്ങൾ സഹിതം വിവരിക്കുന്നു. പലരും കരുതുന്നത് പോലെ അത്ര പരിഷ്കൃതമോ വൃത്തിയുള്ളതോ ആയ ഒന്നല്ല ലണ്ടനിലെ സാധാരണ ജീവിതമെന്ന് ഇവർ പരിഹാസരൂപേണ പറയുന്നു.
ഇൻസ്റ്റാഗ്രാം റീലുകളിൽ കാണുന്ന മനോഹരമായ ലണ്ടൻ ചിത്രങ്ങളല്ല യഥാർത്ഥ തെരുവുകളിലുള്ളതെന്ന് മെഹർമ വാദിക്കുന്നു. ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനുകൾക്കുള്ളിലെ അരാജകമായ അവസ്ഥയെ വ്ലോഗർ ഇതിൽ തുറന്നുകാട്ടുന്നു. ട്രെയിൻ കാത്തിരിക്കുന്നതിനിടയിൽ ഒരാൾ മെട്രോ ട്രാക്കിൽ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഇത്രയും നിരുത്തരവാദപരമായ പ്രവൃത്തി നടന്നിട്ടും ആരും അത് തടയാൻ മുന്നോട്ടുവരുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ പറയുന്നു.
ലണ്ടനിലെ തിരക്കേറിയതും വൃത്തിഹീനവുമായ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനേക്കാൾ എത്രയോ സമാധാനപരമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ 'റിക്ഷാ' യാത്രകളെന്ന് മെഹർമ താരതമ്യം ചെയ്യുന്നു. തിരക്കും ബഹളവും നിറഞ്ഞ ലണ്ടൻ ട്യൂബുകളേക്കാൾ മെച്ചം നമ്മുടെ നാട്ടിലെ പ്രാദേശിക ഗതാഗത മാർഗ്ഗങ്ങളാണെന്നാണ് ഇവരുടെ പക്ഷം. വീഡിയോയുടെ ഒടുവിൽ ഇന്ത്യൻ വസ്ത്രങ്ങൾ വിൽക്കുന്ന 'ദേശി' ഷോപ്പുകൾ നിറഞ്ഞ തെരുവുകൾ വ്ലോഗർ കാണിക്കുന്നുണ്ട്. "ലണ്ടനിൽ ഇനി ലണ്ടന്‍റെതായി ഒന്നും ബാക്കിയില്ല" എന്നാണ് ഈ കാഴ്ചയെ അവർ വിശേഷിപ്പിച്ചത്. നമ്മുടെ നാട്ടിലെ അങ്ങാടികളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് അവിടുത്തെ പല തെരുവുകളുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സമ്മിശ്ര പ്രതികരണം
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്‍റർനെറ്റിൽ ഉയരുന്നത്. ഇന്ത്യയിലെ മെട്രോ സംവിധാനങ്ങളെ ലണ്ടനുമായി താരതമ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. "ദില്ലി മെട്രോ എത്രയോ വൃത്തിയുള്ളതും മനോഹരവുമാണ്. ദില്ലി, നോയിഡ, ഗുഡ്ഗാവ് മെട്രോകളും നമോ ഭാരത് ട്രെയിനുകളും അതീവ സുരക്ഷിതവും ശുദ്ധവുമാണ്. ഇന്ത്യയിലെ 15 നഗരങ്ങളിലെയും മെട്രോകളുടെ അവസ്ഥ ഇതുതന്നെയാണ്," എന്ന് ഒരാൾ കമന്‍റ് ചെയ്തു. "ഒരു ലണ്ടൻ നിവാസി എന്ന നിലയിൽ ഞാൻ ഇത് ശരിവെക്കുന്നു," എന്നാണ് നഗരത്തിൽ താമസിക്കുന്ന ഒരാൾ പ്രതികരിച്ചത്. എന്നാൽ എല്ലാവരും വ്ലോഗറുടെ അഭിപ്രായത്തോട് യോജിച്ചില്ല. "ഞാൻ ലണ്ടൻ സന്ദർശിച്ചിട്ടുണ്ട്, ലണ്ടൻ വളരെ മനോഹരമാണ്. നിങ്ങൾ ഈ കാണിക്കുന്നത് പോലെയല്ല യഥാർത്ഥ നഗരം," എന്ന് മറ്റൊരാൾ കുറിച്ചു. മൂന്നാം ലോക രാജ്യത്തെ ജനങ്ങളുടെ കുടിയേറ്റത്തിന്‍റെ ബാക്കിയെന്നായിരുന്നു മറ്റൊരു കുറിപ്പ്.