
കടലിലൂടെയുള്ള യാത്ര പലപ്പോഴും മനോഹരം എന്നത് പോലെ തന്നെ സാഹസികവുമാണ്. അനേകം ജീവികളെയും നമുക്ക് ഈ യാത്രയിൽ കാണാനാവും. അത്തരം ജീവികളുടേയും അവയെ കാണുന്ന മനുഷ്യരുടെ അമ്പരപ്പും എല്ലാം അടങ്ങുന്ന വീഡിയോ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇതും. ഒരു മനുഷ്യനും തിമിംഗലവുമാണ് വീഡിയോയിൽ. സിൽവർ ഷാർക്ക് അഡ്വെഞ്ചേഴ്സ് എന്ന കമ്പനിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
മാർഗരീറ്റ എന്ന് പേരുള്ള ഒരു തിമിംഗലത്തെ ഒരു മനുഷ്യൻ താലോലിക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. താലോലിക്കുക മാത്രമല്ല, ഒരുവേള ഇയാൾ തിമിംഗലത്തിന്റെ തലയിൽ ചുംബിക്കുന്നതും കാണാം. നിങ്ങൾ ക്യാമറയ്ക്ക് പിന്നിലായിരിക്കുമ്പോൾ ഒരിക്കൽ നിങ്ങളുടെ സ്വപ്നനിമിഷം വരും. അത്തരത്തിൽ ഒരു നിമിഷമാണ് നിങ്ങളുടെ പ്രിയപ്പെട്ട ജീവിക്കൊപ്പം ഇത്. വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന തിമിംഗലമാണ് മർഗരീറ്റ. @adam_ernster ആ തിമിംഗലത്തോടൊപ്പം സമയം ചെലവഴിക്കുന്നു എന്നെല്ലാം കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.
ബോട്ടിനടുത്തായി തിമിംഗലം നീന്തുന്നതാണ് വീഡിയോ തുറക്കുമ്പോൾ കാണുന്നത്. പിന്നാലെ ഒരാൾ തിമിംഗലത്തിന് നേരെ കുനിയുന്നതും അതിനെ വാത്സല്യത്തോടെ തലോടുന്നതും ഒക്കെ കാണാം. ഒരു ഘട്ടത്തിൽ അയാൾ തിമിംഗലത്തിന്റെ തലയിൽ ചുംബിക്കുന്നു പോലും ഉണ്ട്. അതും കുറേ തവണ ഇയാൾ തിമിംഗലത്തെ ചുംബിക്കുന്നു. തിമിംഗലത്തെ തലോടുന്നതിലും ചുംബിക്കുന്നതിലും ഒക്കെ അയാൾ വളരെ അധികം സന്തോഷവാനാണ് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.
നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടിരിക്കുന്നത്. അനേകം പേർ വീഡിയോയ്‍ക്ക് കമന്റുകളുമായും എത്തി. ഹൃദയം നിറയ്‍ക്കുന്ന വീഡിയോ എന്നാണ് പലരും ഇതിന് കമന്റ് നൽകിയിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി.