'ഇഎംഐ കെണിയിൽ വീഴരുത്, യൗവനം നഷ്ടപ്പെടും'; യുവാവിന്‍റെ മുന്നറിയിപ്പ് വൈറൽ, പിന്നാലെ ചേരി തിരിഞ്ഞ് നെറ്റിസെൺസ്

Published : Jul 14, 2026, 07:34 PM IST
EMI is a trap

Synopsis

ആഡംബര ജീവിതത്തിനായി ഇഎംഐയെ ആശ്രയിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.  ഇഎംഐ മുടങ്ങിയതിനെ തുടർന്ന് ഫ്ലാറ്റ് നഷ്ടപ്പെട്ട ഐടി ജീവനക്കാരൻ്റെ സംഭവം ഈ വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ബാങ്കുകളുടെ ഇഎംഐ സംവിധാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ മുന്നറിയിപ്പുമായെത്തിയ യുവാവിന്‍റെ വീഡിയോ ചർച്ചയാകുന്നു. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും ആഡംബരത്തിനുമായി വരുമാന പരിധിക്ക് പുറത്തുള്ള സാധനങ്ങൾ ഇഎംഐ വ്യവസ്ഥയിൽ വാങ്ങുന്നതിനെതിരെ ഒരു യുവാവ് പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പിന്നാലെ ഇഎംഐ എന്നത് സാധാരണക്കാർക്ക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച സാമ്പത്തിക മാർഗ്ഗമാണോ അതോ ജീവിതം തകർക്കുന്ന കെണിയാണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി.

'നിങ്ങളുടെ യൗവനം മുഴുവൻ കടന്നുപോകും'

'അമിത്' എന്ന് പേരുള്ള യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ സാമ്പത്തിക മുന്നറിയിപ്പ് നൽകിയത്. സ്വന്തം വരുമാനം കൃത്യമായി വിലയിരുത്താതെ വലിയ തുക പ്രതിമാസം തിരിച്ചടക്കേണ്ടി വരുന്ന രീതിയിൽ കാറുകളോ ആഡംബര വസ്തുക്കളോ വാങ്ങരുതെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു. "ജീവിതത്തിൽ നിങ്ങൾക്ക് എന്ത് തെറ്റ് വേണമെങ്കിലും സംഭവിക്കാം, പക്ഷേ, ഒരിക്കലും ഒരു ഇഎംഐ കെണിയിൽ ചെന്ന് ചാടരുത്," അമിത് വീഡിയോയിൽ പറയുന്നു. "ഒരു കാർ സ്വന്തമാക്കുക എന്നത് നിങ്ങളുടെയോ നിങ്ങളുടെ മാതാപിതാക്കളുടെയോ സ്വപ്നമായിരിക്കാം. എന്നാൽ, ഈ കെണിയിൽ പെട്ടുപോയാൽ നിങ്ങളുടെ യൗവനം മുഴുവൻ ഇതിനായി മാറ്റിവെക്കേണ്ടി വരും. ഒടുവിൽ ജീവിതത്തിൽ മറ്റൊന്നും നേടാൻ സാധിക്കാതെ വരികയും ചെയ്യും." അമിത് തന്‍റെ വീഡിയോയിൽ പറയുന്നു.

വിലകൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ വലിയ സന്തോഷവും മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും വലിയ അഭിമാനവും തോന്നുമെങ്കിലും, ആ സന്തോഷം പെട്ടെന്ന് തന്നെ വലിയ മാനസിക - സാമ്പത്തിക സമ്മർദ്ദത്തിന് വഴിമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമുള്ള കാര്യങ്ങൾ വാങ്ങരുതെന്ന് ഉപദേശിച്ച് കൊണ്ടാണ് അമിത് വീഡിയോ അവസാനിപ്പിക്കുന്നത്. വരുമാനം അനുവദിക്കുന്നില്ലെങ്കിൽ ആളുകളെ കാണിക്കാൻ വേണ്ടി മാത്രം സാധനങ്ങൾ വാങ്ങാതിരിക്കുന്നതാണ് സമാധാനത്തിന് നല്ലതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

 

 

ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

ഈ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പല മധ്യവർഗ കുടുംബങ്ങൾക്കും ഇഎംഐ സഹായമില്ലാതെ വീടോ വാഹനങ്ങളോ പോലുള്ള വലിയ ആവശ്യങ്ങൾ ഒറ്റത്തവണ പണം നൽകി വാങ്ങാൻ കഴിയില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇഎംഐകളോട് വിയോജിക്കേണ്ടതില്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത് കഠിനാധ്വാനം ചെയ്താൽ ആഗ്രഹങ്ങൾ വേഗത്തിൽ നേടിയെടുക്കാൻ സഹായിക്കുന്ന നല്ലൊരു സാമ്പത്തിക മാർഗ്ഗമാണിതെന്നുമാണ് മറ്റൊരു ഉപയോക്താവിന്‍റെ പക്ഷം. ആവശ്യമെങ്കിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാമെങ്കിലും ഇഎംഐകളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്നതാണ് നല്ലതെന്ന് മറ്റൊരു ഉപയോക്താവ് അമിത്തിനെ പിന്തുണച്ച് എഴുതി.

ബംഗളൂരുവിലെ സംഭവം

ഈ ചർച്ചകൾക്കിടയിൽ അടുത്തിടെ ബംഗളൂരുവിൽ നടന്ന ഒരു സംഭവവും ആളുകൾ ചൂണ്ടിക്കാണിച്ചു ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തുടർച്ചയായി 3 ഇഎംഐകൾ മുടങ്ങിയതോടെ ഐടി ജീവനക്കാരനായ ഒരാൾക്ക് തന്‍റെ എട്ട് വർഷത്തെ സമ്പാദ്യവും 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും ബാങ്ക് ജപ്തിയിലൂടെ നഷ്ടമായ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ലോൺ പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ വീട് പൂർണ്ണമായും നമ്മുടേതല്ലെന്ന യാഥാർത്ഥ്യം ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്ന് ചില ഉപയോക്താക്കൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

40,000 -ത്തിന്റെ ജോലി ഉപേക്ഷിച്ച് ക്യാബ് ഡ്രൈവറായി, ഇരട്ടി സമ്പാദിച്ച് യുവാവ്
ഇന്ത്യയെ മാത്രം കുറ്റം പറയുന്നവർ ഇതൊന്നും കാണുന്നില്ലേ? ആംസ്റ്റർഡാമിലെ കാഴ്ചയാണ്; വൈറലായി വീഡിയോ