
കൂട്ടം ചേർന്നും ഒറ്റയ്ക്കുമുള്ള ജയിൽ ചാട്ടങ്ങളുടെ വാർത്തകൾ ഇടയ്ക്ക് പുറത്ത് വരാറുണ്ട്. എന്നാൽ ഒരു പക്ഷേ ആദ്യമായി ഒരു ലഹരി മുക്ത കേന്ദ്രത്തിൽ നിന്നും 40 ഓളം വരുന്ന രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് പഞ്ചാബിൽ നിന്നും പുറത്ത് വന്നു. പഞ്ചാബിലെ മൊഹാലി സെക്ടർ 66 ലെ സർക്കാർ ഡീ-അഡിക്ഷൻ സെന്‍ററിൽ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 40 ഓളം രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
ഞായറാഴ്ച വൈകീട്ട് മൂന്നേ കാലോടെ രോഗികൾ മരുന്ന് കഴിക്കാനായി ഒത്തുകൂടിയ സമയത്താണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രണ്ട് സിസിടിവി ദൃശ്യങ്ങൾ ഒന്നിച്ച് വച്ച ഒരു മിനിറ്റും ഏഴ് സെക്കന്‍റുമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഇതിൽ മുകളിലെ വീഡിയോയിൽ ഇടത് വശത്ത് നിന്നും പെട്ടെന്ന് നാല്പതോളം വരുന്ന രോഗികൾ പ്രധാന വാതിൽ തള്ളിത്തുറക്കാനായി ഓടിവരുന്നത് കാണാം. അതേസമയം താഴെയുള്ള ദൃശ്യങ്ങളിൽ ആദ്യം ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും പിന്നീട് മറ്റ് മൂന്നാല് പേരും ചേർന്ന് വാതിൽ ശക്തമായി പിടിക്കുന്നതും വാതിൽ തകർക്കാനുള്ള രോഗികളുടെ ശ്രമം പരാജയപ്പെടുത്തുന്നതും കാണാം. അല്പ നേരം വാതിൽ തൂറക്കാൻ രോഗികൾ ശ്രമിക്കുകയും എന്നാൽ ഇതിന് കഴിയാതെ വന്നതോടെ ഇവർ പിന്തിരിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചികിത്സയിലിരിക്കുന്ന രോഗികളിൽ പലരും എൻഡിപിഎസ് ആക്ട് പ്രകാരം കുറ്റക്കാരാണെന്നും ആശുപത്രിയിൽ തുടരാൻ ആഗ്രഹിക്കാത്തതിനാൽ ഇവർ പലപ്പോഴും രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടെന്നും സുരക്ഷാ ജീവനക്കാർ പിന്നീട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രോഗികളുടെ ഇത്തരം ശ്രമങ്ങൾ ഡോക്ടർമാർ, നഴ്‌സുമാർ, സുരക്ഷാ ഗാർഡുകൾ എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ലഹരി മുക്ത കേന്ദ്രത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നൊള്ളൂവെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
ഇതിന് മുമ്പ് രാത്രി കാലങ്ങളിൽ രോഗികൾ ബഹളം വയ്ക്കുകയും സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയും മേൽക്കൂരയിലൂടെ രക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ശക്തമായ സുരക്ഷ ഇവിടെ ഒരുക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ഇപ്പോൾ എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 27 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇവരെ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി അയക്കുകയായിരുന്നു. ഇത്തരം രോഗികൾ പലപ്പോഴും അക്രമാസക്തമായ സ്വഭാവം കാണിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. അതേസമയം ഞായറാഴ്ചത്തെ സംഭവത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.