
ശൈത്യകാലം ഇന്ത്യയിൽ വിവാഹ സീസണാണ്. വിവാഹ ദിനത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾക്കൊണ്ട് ഇക്കാലം സമൂഹ മാധ്യമങ്ങളും നിറയുന്നു. വിവാഹ ചടങ്ങുകൾക്കിടയിലെ ചെറിയ ചെറിയ അബദ്ധങ്ങൾ, സന്തോഷങ്ങൾ, സംഘർഷങ്ങൾ അങ്ങനെ വിവാഹ ചടങ്ങുകൾക്കിടയിലെ അസുലഭ മുഹൂർത്തങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അത്തരമൊരു രസകരമായ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവാഹ ശേഷം വരനും വധുവിനുമൊപ്പം അവരുടെ മൂന്ന് സുഹൃത്തുക്കൾ കൂടി അഗ്നിയെ വലം വയ്ക്കാൻ തുടങ്ങിയതാണ് വിവാഹ വേദിയിൽ ചിരിയുടെ മാലപ്പടക്കം തീർത്തത്.
ചുവന്ന ലെഹങ്ക ധരിച്ച്, ദുപ്പട്ടയും ആഭരണങ്ങളും ധരിച്ച് വധുവും പിന്നിലായി വരനും വിവാഹ ശേഷം അഗ്നിയെ വലംവയ്ക്കുകയായിരുന്നു. ഈ സമയം വധുവിന്‍റെ കനത്ത വസ്ത്രങ്ങൾ ശരിയാക്കി കൊണ്ട് വധുവിന്‍റെ മൂന്ന് സുഹൃത്തുക്കളും ഒപ്പം കൂടി. ഇന്ത്യൻ ഹിന്ദു വിവാഹ ആചാരം അനുസരിച്ച് വരനും വധുവും അഗ്നിയെ ഏഴ് തവണ വലംവയ്ക്കുന്നു. വധുവിനൊപ്പം മറ്റ് മൂന്ന് പേരും അഗ്നിയെ വലം വയ്ക്കുന്നതോടെ അവരും വരനെ പ്രതീകാത്മകമായി വിവാഹം കഴിച്ചതായി കണക്കാക്കും.
ഇത് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പണ്ഡിറ്റ് ചൂണ്ടിക്കാണിച്ചതോടെ വിവാഹ വേദിയിൽ ചിരിപ്പൂരമായി. ഇതിനിടെ ഒരു സ്ത്രീ 'സുഹൃത്തുക്കളെ, അവളോടൊപ്പം നടക്കരുത്, വേണ്ട, വേണ്ട, വേണ്ട. നിങ്ങൾ എല്ലാവരും വിവാഹിതരാകുമെന്ന് വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാം. പിന്നാലെ തന്‍റെ സുഹൃത്തുക്കളോട് ചടങ്ങിന്‍റെ പ്രത്യേകത വധു വിവരിച്ചതോടെ അവരും ചിരിയിൽ പങ്കുകൊണ്ടു. തന്‍റെ സുഹൃത്തുക്കൾ വിദേശികളാണെന്നും അവർക്ക് ഹിന്ദു വിവാഹ ആചാരങ്ങൾ അറിയില്ലെന്നും പിന്നീട് വധു അറിയിച്ചു.
'നിതീഷിന് മൂന്ന് മതങ്ങളിൽ നിന്നുള്ള നാല് ഭാര്യമാരെ ലഭിക്കാൻ പോകുന്ന നിമിഷം. എനിക്ക് എന്‍റെ പെൺകുട്ടികളെ വളരെയധികം ഇഷ്ടമാണ്' എന്ന കുറിപ്പോടെ വധു ചൗധരി കനിഷ്ക തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അടിക്കുറിപ്പും വീഡിയോയും പിന്നാലെ വൈറലായി. "ഒരേ സമയം ആർക്കാണ് 4 ഭാര്യമാരെ ലഭിക്കുന്നത് എന്ന് ഊഹിക്കാമോ? എത്ര ഭംഗിയുള്ളത്! അവരുടെ ആശയക്കുഴപ്പത്തിലായ മുഖങ്ങളും വധുവിന്‍റെ ചിരിയും ഇഷ്ടപ്പെട്ടു! എത്ര മനോഹരമായ നിമിഷം!" എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. വരൻ നിശബ്ദമായി അത് സംഭവിക്കാൻ അനുവദിക്കുകയായിരുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭംഗിയുള്ള കാര്യമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. വീഡിയോ ഇതിനകം 65 ലക്ഷം പേരാണ് കണ്ടത്.