ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ പാകിസ്ഥാൻ ഡഗൗട്ടിൽ പാമ്പിനെ കണ്ടെത്തി. സംഭവത്തിന്‍റെ വീഡിയോ കാണാം.

ഐസിസി ടി20 ലോകകപ്പിലെ (2026) ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ പാമ്പ് പ്രത്യക്ഷപ്പെട്ടത് വലിയ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാൻ ടീം പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം നടന്നത്.

മത്സരത്തിൽ പാകിസ്ഥാൻ താരങ്ങൾ ഇരിക്കേണ്ട ഡഗൗട്ടിന് സമീപമാണ് ഏകദേശം 6 അടിയിലധികം നീളമുള്ള കൂറ്റൻ പാമ്പിനെ കണ്ടെത്തിയത്. ഗ്രൗണ്ട് ഒരുക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട പാമ്പ് പരിഭ്രാന്തി പടർത്തി. എന്നാൽ, ഒട്ടും വൈകാതെ തന്നെ സുരക്ഷാ ജീവനക്കാർ അതീവ ജാഗ്രതയോടെ പാമ്പിനെ പിടികൂടുകയായിരുന്നു.

ഗ്രൗണ്ട് സ്റ്റാഫ് പാമ്പിനെ പിടികൂടി മാറ്റുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പതിനായിരക്കണക്കിന് ആരാധകർ എത്തുന്ന ലോകകപ്പിലെ ഏറ്റവും വലിയ മത്സരത്തിന് മുൻപ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചെറിയ ആശങ്കകൾക്ക് വഴിവെച്ചെങ്കിലും, ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.

Scroll to load tweet…

പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്ന് സ്റ്റേഡിയം അധികൃതർ അറിയിച്ചു. ഇത് ശ്രീലങ്കയിൽ സാധാരണയായി കണ്ടുവരുന്ന വിഷമില്ലാത്ത ചേരപ്പാമ്പ് ആണെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൊളംബോ സ്റ്റേഡിയത്തിൽ ഇതിന് മുൻപും ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടയിൽ പാമ്പ് പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമെന്നിരിക്കെ, പാമ്പിനെ കണ്ടെത്തിയ വാർത്ത ആരാധകർക്കിടയിൽ ട്രോളുകൾക്കും പുതിയ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.