ഇന്ത്യ വിടുന്നതിൽ ദുഃഖം പ്രകടിപ്പിച്ച് യുഎസ് വ്ലോഗറായ ഗഭ്രുജി പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തനിക്ക് ഇന്ത്യയിൽ നിന്നും പോകുമ്പോൾ കരച്ചിൽ വരുന്നുവെന്നും ഒരു ആധാർ കാർഡ് തരുമോയെന്നും അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. 

സ‌ഞ്ചാരികൾക്ക് ദേശമില്ലെന്നാണ് പറയുക. കാരണം അവർ സഞ്ചാരികളാണ്. ഒരിടത്തും സ്ഥിരമായി നിൽക്കാതെ ദേശങ്ങൾ താണ്ടുന്നവർ. എന്നാലിന്ന് സഞ്ചാരികൾ, ഓരോ തവണയും തങ്ങളുടേതായ ഇടങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഗതാഗത സംവിധാനങ്ങളിലുണ്ടായ കുതിച്ച ചാട്ടമാണ് ഈ സാധ്യത സഞ്ചാരികൾക്ക് മുന്നിൽ തുറന്നിട്ടത്. അപ്പോഴും ചില സഞ്ചാരികൾ കണ്ട ദേശങ്ങളുമായി വൈകാരികമായ ബന്ധം നിലനിർത്തുന്നു. സ്വന്തം വീട്ടിലേക്കെന്ന പോലെ അവർ ഓരോ തവണയും ആ ദേശത്തേക്ക് തിരിച്ചെത്തുന്നു. പറഞ്ഞ് വരുന്നത് ഒരു സഞ്ചാരിയെ കുറിച്ചാണ്. ഗഭ്രുജി. ഇന്‍സ്റ്റാഗ്രാമിൽ അദ്ദേഹം അങ്ങനെയാണ് അറിയപ്പെടുന്നത്. ഇന്ത്യ സന്ദർശിച്ച ശേഷം തിരിച്ച് പോകുമ്പോൾ. തനിക്ക് കരച്ചിൽ വരുന്നെന്നും ഒരു ആധാർ കാർഡ് തരൂമോയെന്നും ചോദിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏതാണ്ട് ഒന്നര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ കണ്ടത്.

കരച്ചിൽ വരുന്നു

ഇന്ത്യ വിടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റെക്കോർഡ് ചെയ്‌ത വൈകാരിക വീഡിയോ പങ്കിട്ടതിന് ശേഷം യുഎസ് വ്ളോഗർ ഗഭ്രുജി, സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു ബൈക്കിന് പിന്നിലിരുന്നാണ് ഗഭ്രുജി തന്‍റെ വീഡിയോ ചെയ്തത്. ഇന്ത്യയിൽ ചെലവഴിച്ച സമയത്തെ കുറിച്ച് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നു. 'സത്യത്തിൽ ഞാൻ ഇപ്പോൾ കരയാൻ തുടങ്ങിയേക്കാം' അദ്ദേഹം ക്ലിപ്പിൽ പറയുന്നത് കേൾക്കാം. 'നരേന്ദ്ര മോദി ഇത് നിങ്ങൾക്കുള്ളതാണ്. എന്‍റെ പേര് ഗഭ്രുജി, എനിക്ക് ഒരു ആധാർ കാർഡ് വേണം. കാരണം ഇതാണ്. എനിക്ക് ഇന്ത്യയിൽ 8 മണിക്കൂർ ബാക്കിയുണ്ട്, ഇപ്പോൾ ഞാൻ കരയാൻ തുടങ്ങിയേക്കാം. ഞാൻ ഈ വീഡിയോ അവസാനമായി ചെയ്തപ്പോൾ, അക്ഷരാർത്ഥത്തിൽ ഞാൻ കരയാൻ തുടങ്ങി.' ഗഭ്രുജി തന്‍റെ വീഡിയോയിൽ പറയുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെല്ലാം ഉണ്ട്

'ഈ രാജ്യത്തെ എല്ലാ കാര്യങ്ങളും എന്നെ വളരെയധികം സ്പർശിക്കുകന്നു. നിങ്ങൾക്കറിയാമോ, നിങ്ങൾ വെളുത്തവരായത് കൊണ്ടാണ് നിങ്ങൾക്ക് എല്ലാം ലഭിക്കുന്നതെന്ന്. അല്ല, അവർക്ക് എല്ലാം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഈ രാജ്യത്ത് എല്ലാം ഉണ്ട്. നിങ്ങളുടെ വീട് വൃത്തിയാക്കാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ടോ? അവർക്ക് അത് ഉണ്ട്. നടപ്പാതയിലൂടെ ആളുകൾ നിങ്ങളെ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവർക്ക് അത് ഉണ്ട്. നിങ്ങൾക്ക് ദിവസത്തിലെ ഏത് സമയത്തും തെരുവ് ഭക്ഷണം വേണോ? അവർക്ക് അത് ഉണ്ട്' ഇന്ത്യയിൽ താൻ അനുഭവച്ച നിത്യജീവിതത്തെ ഗഭ്രുജി അടയാളപ്പെടുത്തുന്നു. വീഡിയോ അവസാനിക്കുന്നത് ഒരു കുറിപ്പോടെയാണ്, "ഇന്ത്യ, നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ ഞാൻ ആഴത്തിൽ മിസ്സ് ചെയ്യും. അടുത്ത തവണ വരെ." ഇന്ത്യയെ ‌ഞാൻ മിസ് ചെയ്യുമെന്ന വാചകത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചതും.

ടൂറിസമല്ല, യഥാർത്ഥ ഇന്ത്യ

വീഡിയോയ്ക്ക് താഴെ നിരവധി പേർ കുറിപ്പുകളെഴുതാനെത്തി. ഇന്ത്യയിൽ നിന്നും പോയതിന് ശേഷം ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന യഥാർത്ഥ ഇന്ത്യ ഇതാണെന്നായിരുന്നു ഒരു കുറിപ്പ്. നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകാമെങ്കിലും ഇന്ത്യ ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ഇത് ടൂറിസമല്ല. ഇതാണ് ഇന്ത്യയിലെ യഥാർത്ഥ ജീവിതമെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. താൻ ഇന്ത്യയിൽ നാല് മാസത്തോളം താമസിച്ചെന്നും അവിടെ വിട്ട് പോവുകയെന്നത് അവിശ്വസനീയമാം വിധം സങ്കടകരമായിരുന്നെന്നും എനിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നുണ്ടെന്നും രണ്ടാഴ്ച മുമ്പ് പോലും ഇന്ത്യ സന്ദർശിച്ചെന്നും ഇപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുന്നെന്നുമായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്.