ഇന്ത്യയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ തുടർന്ന് 'ഐ ഹേറ്റ് ഇന്ത്യ' എന്ന് പറയുന്ന ദക്ഷിണ കൊറിയൻ സഞ്ചാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സെൽഫി നിഷേധിച്ചതിന് കുട്ടികൾ ഉപദ്രവിച്ചതും പുരുഷന്മാരുടെ പിന്തുടരലും അടക്കമുള്ള സംഭവങ്ങൾ യുവതി വിവരിക്കുന്നു. 

ചെന്നെത്തുന്ന സ്ഥലത്ത് തങ്ങൾക്ക് വ്യക്തിപരമായി നേരിടേണ്ടിവന്ന അനുഭവത്തെ അടിസ്ഥാനമാക്കിയാണ് സഞ്ചാരികൾ ആ നാടിനെ വിലയിരുത്തുന്നത്. ഇന്ത്യയെ പോലെ അതിവിശാലമായ, അനേകം വ്യത്യസ്ത സംസ്കാരങ്ങൾ ഒരു മിച്ച് ജീവിക്കുന്ന ഒരു പ്രദേശത്തെത്തുന്ന സഞ്ചാരികൾക്കെല്ലാവർക്കും ഓരോ അനുഭവം തന്നെ ലഭ്യമാകണമെന്നുമില്ല. സന്ദർശനം കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകുന്ന സഞ്ചാരികൾ കണ്ട കാഴ്ചകളെ, അനുഭവങ്ങളെ വിലയിരുത്തുമ്പോൾ അതുകൊണ്ട് തന്നെ വ്യത്യസ്തവുമായിരിക്കും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെ ഒരു വീഡിയോയിൽ തനിക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന അനുഭവങ്ങളെ മുന്‍നിർത്തി ദക്ഷിണ കൊറിയൻ സഞ്ചാരിയായ യുവതി പറഞ്ഞത് 'ഐ ഹേറ്റ് ഇന്ത്യ' എന്നായിരുന്നു. അതിനുള്ള കാരണങ്ങളും അവർ എണ്ണമിട്ട് പറഞ്ഞു. പിന്നാലെ രാജ്യത്തെ വിനോദ സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തന്നെ തുടക്കമായി.

എനിക്ക് ഇന്ത്യയെ വെറുപ്പാണ്

ഡാർക്ക് പാസഞ്ചർ എന്നും ഡെക്സ് എന്നും അറിയപ്പെടുന്ന എക്സ് ഹാൻറിലിൽ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദക്ഷിണ കൊറിയൻ ട്രാവൽ വ്‌ളോഗറായ സഞ്ചാരി ഒരു ഇന്ത്യൻ തെരുവിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ കൗമാരക്കാരായ രണ്ട് കുട്ടികൾ അവരെ പിന്തുടരുന്നത് കാണാം. പെട്ടെന്ന് ഒരു കുട്ടി മറ്റേ കുട്ടിയെ യുവതിയുടെ മേലേക്ക് തള്ളിയിടുന്നു. സെൽഫി ചോദിച്ചത് നിഷേധിച്ചതായിരുന്നു കാരണം. ഇന്ത്യയിലെ യാത്രയ്ക്കിടെ യുവതിക്ക് നിരന്തരം തട്ടിപ്പും ആണുങ്ങളുടെ പിന്തുടരലും ഉപദ്രവും ഏൽക്കേണ്ടുവന്നെന്നും വീഡിയോയിലെ വോയിസ് ഓവർ വിശദീകരിക്കുന്നു. ഇതിനിടെ യുവതി ഒരു കാർ അപകടത്തിലും പെട്ടു. ഇന്ത്യാ യാത്ര തനിക്കൊരു പേടി സ്വപ്നമായി മാറിയെന്നും ഒരു ക്ലിപ്പിൽ യുവതി പറയുന്നു. ഓട്ടോ റിക്ഷാ ഡ്രൈവർമാർ, തെരുവിലെ പുരുഷന്മാർ... എല്ലാവരും സമ്മാനിച്ചത് ഭയം മാത്രം. വീഡിയോയ്ക്ക് ഒടുവിൽ അവർ ഒരു ബൈക്ക് ടാക്സിയുടെ പിന്നിലിരുന്നു അവൾ കരഞ്ഞു. മാഡം കരയുകയാണോ? എന്ന് ഡ്രൈവർ ചോദിക്കുമ്പോൾ "അതെ, ഞാൻ കരയുകയാണ്. എനിക്ക് ഇന്ത്യയെ വെറുപ്പാണ്! എന്നായിരുന്നു അവർ മറുപടി പറഞ്ഞത്.

Scroll to load tweet…

അസ്വസ്ഥതയോടെ നെറ്റിസെൻസ്

വീഡിയോ ഒന്നേമുക്കൾ ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. നെറ്റിസെൻസ് രൂക്ഷമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. എത്ര കാലം നമ്മുക്ക് സ്വന്തം രാജ്യത്തെ പ്രതിരോധിച്ച് നിർത്താൻ കഴിയുമെന്ന് പലരും ചോദിച്ചു. "നിങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ നിങ്ങൾ എത്രത്തോളം പോകും? ഉള്ളിന്‍റെ ഉള്ളിൽ, ഇതാണ് യാഥാർത്ഥ്യമെന്ന് ഞങ്ങൾക്കറിയാം. ലോകത്തിലേക്ക് ഞങ്ങൾ എന്ത് ചിത്രമാണ് അയയ്ക്കുന്നത്?" എന്നായിരുന്നു അസ്വസ്ഥതയോടെ ഒരു കാഴ്ചക്കാരൻ കുറിച്ചത്. മറ്റൊരാൾ തന്‍റെ മലേഷ്യൻ സുഹൃത്തായ യുവതിയും ഒരു മാസത്തെ ഇന്ത്യൻ താമസത്തിന് ശേഷം രോഷം പ്രകടിപ്പിച്ചെന്നും അവർക്ക് അത്രയധികം വെറുപ്പാണ് സമ്മാനിച്ചതെന്നും എഴുതി. മറ്റ് ചിലർ തങ്ങൾ അതിഥികളെ ബഹുമാനിക്കുന്നെന്നും ഇത്തരം അനുഭവം നേരിടേണ്ടിവന്നതിൽ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നെന്നും കുറിച്ചു.

ദക്ഷിണ കൊറിയയും മോശമല്ലെന്ന്

അതേസമയം മറ്റൊരു കാഴ്ചക്കാരൻ ഇന്ത്യയിലെ ഭൂരിപക്ഷം പേരും അതിഥികളെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും എന്നാൽ ദക്ഷിണ കൊറിയക്കാരെല്ലാം തവിട്ട് നിറമുള്ള ആളുകളെ പുച്ഛത്തോടെയാണ് കാണുന്നതെന്ന് വിശദീകരിച്ചു. അവിടെ വംശീയത കൂടുതലാണെന്ന് സ്ഥാപിക്കാൻ തനിക്ക് ദക്ഷിണ കൊറിയയിൽ നേരിടേണ്ടി വന്ന വംശീയാക്രമണങ്ങളുടെ ഒരു വീഡിയോയും പങ്കുവച്ചു. എന്നാൽ. അത് സ്ത്രീകളെ അക്രമിക്കുന്നതിനുള്ള ഒരു ഉപാധിയല്ലെന്നും ഡെക്സ് എഴുതി.