ഇൻഡോറിൽ കനത്ത മഴയെ തുടർന്ന് വിവാഹ വേദി വെള്ളത്തിൽ മുങ്ങി. ഇതോടെ വരൻ വധുവിനെ കൈകളിൽ ചുമന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രതിസന്ധിയെ ധൈര്യത്തോടെ നേരിട്ട വരനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വടക്കൻ കേരളം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ മൺസൂൺ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയത്. അതിതീവ്ര മഴയിൽ മുങ്ങിയ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈലായി. അതുപോലെ തന്നെ ശക്തമായ മഴവെള്ളപാച്ചലിലും പ്രളയത്തിനും നിരവധി വന്യജീവികളും നഗരങ്ങളിലേക്ക് ഒലിച്ചെത്തുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനിടെയാണ് രസകരമായൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. അതിതീവ്ര മഴയിൽ വിവാഹ വേദി മുങ്ങിയപ്പോൾ, വധുവിനെ തന്‍റെ കൈകളിലെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് ചുമന്ന് കൊണ്ടുപോകുന്ന വരന്‍റെ വീഡിയോയിയരുന്നു അത്.
വധുവിനെ കൈയിലെത്ത് വരൻ
മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ രസകരമായ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും ഇളക്കി മറിച്ചു. കനത്ത മഴയെ തുടർന്ന് വിവാഹ വേദിയിൽ വെള്ളം കയറുകയായിരുന്നു. പിന്നാലെ വരൻ വധുവിനെ കൈകളിൽ ചുമന്ന് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ നിർബന്ധിതനായി. ദില്ലിയിൽ നിന്നും വിവാഹത്തിനായിയെത്തിയ ദമ്പതികൾ സിഎടി റോഡിലെ ഒരു പൂന്തോട്ടത്തിലായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ശക്തമായ മഴയെത്തി. പിന്നാലെ വേദിയടക്കം വെള്ളത്തിലായി. ജീവിതത്തിലെ സുപ്രധാനമായൊരു നിമിഷത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന തടസങ്ങളെ മനോധൈര്യത്തോടെ നേരിട്ട വരനെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. വീഡിയോയിൽ വിവാഹ വസ്ത്രങ്ങൾ ധരിച്ച വധുവിനെ ഇരുകൈകളിലും ചുമന്ന് വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്ന വരനെ കാണാം.
'പ്രകൃതിക്ക് പോലും തടയാൻ കഴിഞ്ഞില്ല'
ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നെന്നായിരുന്നു ചിലർ സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് താഴെ കുറിച്ചത്. പ്രകൃതിക്ക് പോലും അവരുടെ വിവാഹം തടസപ്പെടുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മറ്റ് ചിലർ എഴുതിയത്. വെള്ളം കയറിയ വിവാഹ വേദിയിൽ ചെരുപ്പുകൾ ഒഴുകി നടക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡോറിൽ തുടർച്ചയായി മഴ പെയ്യുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൂലൈയിൽ ലഭിക്കുന്ന ശരാശരി മഴയുടെ പകുതിയിലധികം മാസത്തിന്‍റെ ആദ്യ ആഴ്ചയിൽതന്നെ പെയ്തു. കനത്ത മഴയെ തുടർന്ന് നഗരത്തിലുടനീളം ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു, വിവാഹ വേദി ഉൾപ്പെടെ, മണ്ഡപത്തിന് ചുറ്റും ഏകദേശം 1.5 മുതൽ 2 അടി വരെ വെള്ളം ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹം വൈറലായി മാറിയതോടെ, മോശം കാലാവസ്ഥയിലും അവരുടെ ജീവിതത്തിലെ പ്രധാന ദിവസത്തെ മുക്കിക്കളയാൻ അനുവദിക്കാതിരുന്നതിനെ പലരും പ്രശംസിച്ചു. "കനത്ത മഴയിൽ റോഡുകൾ നിറഞ്ഞൊഴുകി, പക്ഷേ ദൃഢനിശ്ചയമുള്ള വരൻ തന്റെ വധുവിനെ കൈകളിൽ ചുമന്ന് വെള്ളത്തിലൂടെ മണ്ഡപത്തിലെത്തി. സ്നേഹവും സഹിഷ്ണുതയും വിജയിച്ചു" എന്നായിരുന്നു ഒരു കുറിപ്പ്.


