'യൂണിഫോം എവിടെ' എന്ന ചോദ്യത്തിന് മുത്തച്ഛന് പെന്‍ഷൻ കിട്ടുമ്പോൾ വാങ്ങുമെന്ന് കുട്ടിയുടെ വൈകാരിക മറുപടി; വീഡിയോ, പിന്നാലെ സഹായ പ്രവാഹം

Published : Mar 14, 2026, 06:29 PM IST
Raj Jatav at Rajkiya Mahatma Gandhi Vidyalaya

Synopsis

രാജസ്ഥാനിലെ ഒരു സ്കൂൾ അധ്യാപകൻ കീറിയ വസ്ത്രം ധരിച്ചെത്തിയ രാജ് എന്ന കുട്ടിയുടെ ദാരിദ്ര്യം തിരിച്ചറിയുന്നു. അവന് അച്ഛനും അമ്മയും ഇല്ലെന്ന് അറിയുന്ന അദ്ദേഹം അവന് പുതിയ വസ്ത്രങ്ങളും പുസ്തകങ്ങളും വാങ്ങി നൽകുന്ന വീഡിയോ വൈറലായതോടെ, കുട്ടിക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഹായപ്രവാഹമെത്തി.

 

രാജസ്ഥാനിലെ ഹിൻഡൺ സിറ്റിയിൽ നിന്നുള്ള ഒരു സ്കൂൾ അധ്യാപകന്‍റെയും രാജ് ജാതവ് എന്ന കുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാനിലെ ബമൻപുര ഗ്രാമത്തിൽ നിന്നുള്ള രാജ്, രാജ്കിയ മഹാത്മാഗാന്ധി വിദ്യാലയത്തിലാണ് പഠിക്കുന്നത്. അധ്യാപകനും കുട്ടിയും തമ്മിലുള്ള സംഭാഷണം കുട്ടിയുടെ ദാരിദ്രത്തെ വെളിപ്പെടുത്തുന്നു. അവന് ധരിക്കാൻ നല്ലൊരു വസ്ത്രം പോലുമില്ല. വീഡിയോ വൈറലായതിന് പിന്നാലെ കുട്ടിക്ക് സഹായാഭ്യർത്ഥനയുമായി നിരവധി പേരാണ് എത്തിയത്.

മുത്തച്ഛന്‍റെ പെന്‍ഷൻ

കുട്ടി സ്കൂൾ യൂണിഫോമിലല്ല ക്ലാസിലെത്തിയതെന്ന് അധ്യാപകൻ ശ്രദ്ധിച്ചു. പിന്നാലെ അവനോട് എന്തുകൊണ്ടാണ് യൂണിഫോമിൽ വരാത്തതെന്ന് അധ്യാപകൻ ചോദിക്കുന്നു. തന്‍റെ യൂണിഫോം പാന്‍റ് കീറിപ്പോയെന്ന് കുട്ടി പറയുന്നു. പിന്നാലെ മുത്തച്ഛന്‍റെ പെൻഷൻ വരുമ്പോൾ പുതിയ പാന്‍റ് വാങ്ങുമെന്നും അവൻ പറയുന്നു. ഈ സമയം അധ്യാപകൻ കുട്ടിയോട് അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും ചോദിക്കുന്നു. ഇരുവരും മരിച്ച് പോയെന്നും താനിപ്പോൾ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നതെന്നും അവൻ നിറകണ്ണുകളോടെ മറുപടി പറയുന്നു. പിന്നാലെ അധ്യാപകൻ അവനെ ആശ്വസിപ്പിക്കുന്നു. പിറ്റേ ദിവസം ക്ലാസിലെത്തിയ അധ്യാപകൻ അവന് പുതിയ ഷർട്ടും പാന്‍റും വാങ്ങി നൽകുന്നു. പുതിയ ഷർട്ടും പാന്‍റും ധരിച്ച അവന് അധ്യാപൻ പുതിയ പുസ്തകങ്ങൾ കൈമാറുന്നു. കുട്ടിയുടെ സന്തോഷം അതിരില്ലാതാകുന്നു. അവന്‍ തന്‍റെ പ്രീയപ്പെട്ട അധ്യാപകനെ കെട്ടിപ്പിടിച്ച് നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

 

 

 

 

രാജിന് സഹായ പ്രവാഹം

രാജസ്ഥാനിലെ ഹിൻഡൺ സിറ്റിയിലെ ബമൻപുരയിലുള്ള രാജ്കിയ മഹാത്മാഗാന്ധി വിദ്യാലയത്തിലെ രാജിന്‍റെ ഹൃദയഭേദകമായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നു. അവർ അവന് സഹായ വാഗ്ദാനങ്ങളുമായെത്തി. നിരവധി പേർ അധ്യാപകന്‍റെ പ്രവർത്തിയെ പ്രശംസിച്ചു. ഇത്തരം അധ്യാപകർ മനുഷ്യരാശിക്കുള്ള ഒരു അനുഗ്രഹമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. നിരവധി പേർ കുട്ടിയെ പഠിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തി. ബിജെവൈഎം രാജസ്ഥാൻ സംസ്ഥാന പ്രസിഡന്‍റ് ശങ്കർ ഗോറ, രാജിനെ സന്ദർശിച്ചു. അദ്ദേഹം അവനെ സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുകയും പുതിയ സ്കൂൾ ബാഗ്, വസ്ത്രങ്ങൾ, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ സമ്മാനിക്കുകയും ചെയ്തു. രാജ് കുറച്ച് നേരം എല്ലാവരോടുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'സമാധാനമായി ഒരു കപ്പ് ചായ പോലും കുടിക്കാൻ കഴിയുന്നില്ല, കുഞ്ഞ് അടുത്തുനിന്നും മാറില്ല'; പൊട്ടിക്കരഞ്ഞ് ഒരമ്മ
തിരക്കേറിയ റോഡ്, മറിഞ്ഞുവീണ് പച്ചക്കറി വണ്ടി, പെട്ടെന്നതാ ഒരാൾ, രണ്ടാൾ, ചറപറാ ആളുകൾ; എന്തുനല്ല വീഡിയോ