
ഏറെ നാളിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അച്ഛൻ വിമാനമിറങ്ങി വരുന്നത് കണ്ട കുഞ്ഞ് ഓടി അടുത്തേക്ക് ചെന്നു. വാതിൽക്കൽ വച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ 'പിടികൂടി'. കുട്ടിയെ ഉദ്യോഗസ്ഥൻ 'കൈകാര്യം' ചെയ്ത രീതി സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിമാനത്താവള സുരക്ഷയുടെ പേരിലാണ് ഉദ്യോഗസ്ഥൻ കുട്ടിയെ തടഞ്ഞതെങ്കിലും അദ്ദേഹം അതിനുപയോഗിച്ച മാർഗം കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. ചിലപ്പോഴൊക്കെ കടമ ദയയുടെ ഭാഷയും സംസാരിക്കുമെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതിയത്.
വിമാനത്താവളത്തിലെ ആഗമന സ്ഥലത്ത് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥൻ നടത്തിയ ഹൃദയസ്പർശിയായ പ്രവൃത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. ഇന്ത്യയുടെ സുരക്ഷാ സേനയുടെ മാനുഷിക വശം എടുത്തുകാണിച്ചു കൊണ്ട്, ഔദ്ധ്യോഗിക ജീവിതത്തിനിടെയിലും ദയയും കടമയും എങ്ങനെ കൈകോർത്ത് പോകുമെന്നതിന്‍റെ ഉത്തമ ഉദാഹരണമായി നിരവധി പേർ വീഡിയോ ചൂണ്ടിക്കാട്ടി. സിഐഎസ്എഫ് തന്നെയാണ് തങ്ങളുടെ ഔദ്ധ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തങ്ങളുടെ വീഡിയോ പങ്കുവച്ചത്.
അച്ഛൻ വരുന്നത് കണ്ട് ഏറെ സന്തോഷത്തോടെ ഒരു പെൺകുട്ടി, വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് അറിയാതെ അച്ഛൻറെ അടുത്തേക്ക് ഓടി. കർശന പരിശോധനകൾ നടക്കുന്ന സെൻസിറ്റീവ് സോണിലായിരുന്നു സംഭവം. പിന്നാലെ കുട്ടിയെ കളിപ്പിക്കുകയാണെന്ന് തോന്നുന്ന തരത്തിൽ, ക്ഷമയോടെ, സ്നേഹത്തോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കുട്ടിയെ തടയുന്നു. ഒടുവിൽ അവളുടെ അച്ഛൻ അടുത്തെത്തി അവളെയും എടുത്ത് പുറത്തേക്കിറങ്ങുന്നതും വീഡിയോയിൽ കാണാം. ക്ഷമ, സഹാനുഭൂതി, മാനുഷിക സ്പർശം എന്നിവയോടെ ആ നിമിഷം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥൻ, കടമയ്ക്കും കാരുണ്യത്തിനും എങ്ങനെ കൈകോർത്ത് നടക്കാൻ കഴിയുമെന്ന് കാണിച്ച് തന്നെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് സിഐഎസ്എഫിനെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതിയത്. ഈ രാജ്യത്തെ സൈനികർ ദയയും ആക്രമണാത്മകതയും തികഞ്ഞ ഒരു മിശ്രിതമാണ്. ആവശ്യമുള്ളപ്പോൾ അവർ സ്നേഹം കാണിക്കുന്നു, ആവശ്യമുള്ളപ്പോൾ രാജ്യത്തിനുവേണ്ടി ധൈര്യവും കാണിക്കുന്നു. എന്‍റെ നാട്ടുകാരിൽ നിന്ന് ഇത്തരം ആംഗ്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്.