
മുംബൈ നഗരത്തിൽ ആവശ്യത്തിന് ഭക്ഷ്യ സാധനങ്ങൾ ലഭ്യമാണോ? ഇല്ലെങ്കിൽ, ആ ലഭ്യത കുറവ് പരിഹരിക്കപ്പെടുന്നതെങ്ങനെ? ഈ ചോദ്യത്തിന് ഞെട്ടിക്കുന്ന ഉത്തരമാണ് അന്ധേരി വെസ്റ്റിലെ കപസ്വാഡി പ്രദേശത്ത് നിന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തെറ്റായ ബ്രാൻഡിംഗും മായം ചേർക്കലും തടയുന്നതിനായി രാജ്യവ്യാപകമായി ഒരു എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവ് ആരംഭിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. പാലിൽ കലർത്തുന്നത് ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയിൽ, സിന്തറ്റിക് കെമിക്കലുകൾ എന്നിവ.
ദൈനിക് ഭാസ്‌കറിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ തുഷാർ റായ്, തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. വീഡിയോയിൽ, മായം ചേർത്ത പാൽ പാക്കറ്റുകൾ നിർമ്മിക്കുന്ന ഒരു കൂടുംബത്തെയായിരുന്നു ചിത്രീകരിച്ചിരുന്നത്. മുംബൈയിലെ പാൽ കേന്ദ്രങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് നേരിട്ട് പാൽ ലഭിക്കുന്നില്ല. അത് ആദ്യം 'പാൽ മാഫിയ'യുടെ കൈയിലെത്തുന്നു. അവിടെ നിന്നും ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയിൽ, സിന്തറ്റിക് കെമിക്കലുകൾ തുടങ്ങിയ വസ്തുക്കൾ കലർത്തുന്നു. പിന്നാലെ ഒരു ലിറ്ററിൽ നിന്ന് രണ്ട് ലിറ്റാറാക്കാൻ വെള്ളം ചേർക്കുന്നു. ഇതിന് ശേഷമാണ് പാൽ മുംബൈയിലെ വീടുകളിലെത്തുന്നത്. വീഡിയോയിൽ കൃത്രിമ പാൽ ഉണ്ടാക്കുന്നത് കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതും വ്യാജ പാൽ നിർമ്മാതാവ് പാൽ പാക്കറ്റുകളിലെ തുളകൾ തീ ഉപയോഗിച്ച് ഒട്ടിക്കുന്നതും വീഡിയോയിൽ കാണാം.
ഇത്തരം പാൽ ദീർഘകാലം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് തുഷാർ റായ് ചൂണ്ടിക്കാട്ടുന്നു. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം മോശമാകുന്നു. ഗുരുതരമായ ആമാശയ, ചർമ്മ, നേത്ര രോഗങ്ങൾക്കും ഇത് കാരണമാകുന്നു. സ്ത്രീകളിൽ കാൽസ്യം കുറവിനും കുട്ടികളിൽ വളർച്ച മുരടിപ്പിനും ഇത്തരം വ്യാജ പാൽ ഉപയോഗം കാരണമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ വലിയ പ്രതിഷേധത്തിന് കാരണമായി. ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ശുദ്ധമായ ഭക്ഷണം ഒരോ പൗരൻറെയും അവകാശമാണ്. അതുറപ്പാക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. വ്യാജ പാൽ നിർമ്മാണം പിടികൂടിയതിന് പിന്നാലെ പാൽ ഉത്പാദനം, സംഭരണം, വിതരണം തുടങ്ങിയ പാൽ യൂണിറ്റുകളിൽ പരിശോധന നടത്താൻ അതോറിറ്റിയുടെ റീജിയണൽ ഓഫീസുകൾക്കും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുകൾക്കും നിർദ്ദേശം നൽകി.