ഇന്തോനേഷ്യയിലെ ഒരു വിവാഹ ഫോട്ടോസെഷനിടെ, വരന്റെ കൈയ്യിൽ ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകിയെ വധു മുടിക്കുത്തിന് പിടിച്ച് താഴെയിട്ടു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, വധുവിന്റെ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി.
വിവാഹത്തിന് മുമ്പ് പ്രണയബന്ധങ്ങൾ ഉള്ളവരാകും പലരും. എന്നാൽ, വിവഹത്തോടെ മറ്റ് പ്രണയബന്ധങ്ങൾ വൈവാഹിക ജിവിതത്തെ പ്രശ്നസങ്കീർണമാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയിലെ ഒരു വിവാഹത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. അതിൽ വിവാഹത്തോട് അനുബന്ധിച്ചുള്ള ഫോട്ടോസെഷനിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വരൻറെ മുന്‍ കാമുകി, ഫോട്ടോസെഷനിടെ വരൻറെ കൈയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ വധുവിന്‍റെ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
മുടിക്കുത്തിന് പിടിച്ച് വധു
വീഡിയോയില്‍, പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു വേദിയില്‍ ഒരു ഇന്തോനേഷ്യന്‍ വിവാഹ ഫോട്ടോ സെഷന്‍ കാണാം. പരമ്പരാഗത വസ്ത്രം ധരിച്ച വരന്‍ വധുവിന്‍റെ അരികില്‍ നില്‍ക്കുമ്പോള്‍, മുന്‍ കാമുകിയായിരുന്ന യുവതി വരന്‍റെ വശത്തായി നിൽക്കുന്നു. ഫോട്ടോസെഷന് പിന്നാലെ വരന് കൈ കൊടുത്ത ശേഷം മുൻ കാമുകി കൈകളിൽ ചുംബിക്കാനായി കുനിയുന്നു. പെട്ടെന്ന് വധു യുവതിയുടെ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും യുവതിയെ തറയിലേക്ക് വലിച്ചിടുകയും ചെയ്യുന്നത് കാണാം.
ഇന്തോനേഷ്യലെ പരമ്പരാഗത മുസ്ലീം സംസ്കാരത്തിൽ ആദരവിന്‍റെ സൂചനയാണ് വരന്‍റെ കൈയിൽ ചുംബിക്കുകയെന്നത്. ഈ ചടങ്ങ് സാധാരണയായി മുതിർന്നവർക്കോ, പ്രത്യേകിച്ച് ഭാര്യ, ഭർത്താവിന് നൽകുകയോ ചെയ്യുന്നു. എന്നാൽ ഇവിടെ മുന്‍കാമുകി ചുംബിക്കാൻ ശ്രമിച്ചപ്പോൾ വധു അത് തടയുകയായിരുന്നു.
വധുവിനെ അഭിനന്ദിച്ച് നെറ്റിസെൻസ്
വധുവിന്‍റെ അപ്രതീക്ഷിത നടപടിയിൽ യുവതി വിവാഹവേദിയിൽ വീണെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ വധുവിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി. അത്തരമൊരു പ്രവർത്തിയുടെ സാംസ്കാരിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ നിരവധി ഉപയോക്താക്കൾ അവളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നുവെന്ന് കുറിച്ചു. മാത്രമല്ല, ചിലർ ഇതിലും കൂടുതൽ ആകാമായിരുന്നുവെന്നും എഴുതി. നിരവധി സ്ത്രീകൾ തങ്ങൾ വധുവിനൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. അതേസമയം ചിലർ വരൻറെ പങ്കിനെ ചോദ്യം ചെയ്തു. മുന്‍ കാമുകിയുടെ ചുംബനത്തിന് എന്തിനാണ് വരൻ നിന്ന് കൊടുത്തതെന്നായിരുന്നു പലരുടെയും ചോദ്യം.


