'ഏറെ ഗവേഷണങ്ങൾക്ക് ശേഷം ഞാൻ എത്തിച്ചേർന്ന നിഗമനം, ഓഫീസിൽ നിന്ന് ഇറങ്ങാൻ ഏറ്റവും നല്ല സമയം ഓഫീസിൽ പോകാതിരിക്കുക എന്നത് തന്നെയാണ്! വർക്ക് ഫ്രം ഹോം ചെയ്യൂ! സമയം 3:20 ആയിട്ടേയുള്ളൂ, ഇവിടുത്തെ ട്രാഫിക് ഒന്നു നോക്കൂ!'

ടെക് നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെച്ചൊല്ലിയുള്ള പോസ്റ്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇതും. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ അനുയോജ്യമായ സമയം കണ്ടെത്താൻ ശ്രമിച്ചതാണ് ഈ യുവതി. അപ്പോഴുണ്ടായ അനുഭവം തമാശരൂപേണ പങ്കുവെച്ചാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

തിരക്ക് ഒഴിവാക്കാൻ വിവിധ സമയങ്ങളിൽ യാത്ര ചെയ്ത് പരാജയപ്പെട്ടതോടെ, ഒടുവിൽ അവർ എത്തിച്ചേർന്നത് തികച്ചും വ്യത്യസ്തമായ ഒരു നിഗമനത്തിലാണ്. ബെംഗളൂരുവിലെ ട്രാഫിക് ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി ഓഫീസിൽ പോകാതിരിക്കുക എന്നത് മാത്രമാണ് എന്നാണ് യുവതി പറയുന്നത്.

കാവ്യ എന്ന യുവതിയാണ് നഗരത്തിലെ ട്രാഫിക് ദുരിതത്തെക്കുറിച്ച് സംസാരിക്കുന്നത്. സാധാരണ തിരക്ക് കുറഞ്ഞിരിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ കാറിൽ സഞ്ചരിക്കുമ്പോഴും റോഡിൽ വലിയ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. 'ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഓഫീസിൽ നിന്ന് ഇറങ്ങേണ്ട ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാൻ പല സമയങ്ങളിലും ഞാൻ യാത്ര ചെയ്തു നോക്കി. എന്നാൽ ഏറെ ഗവേഷണങ്ങൾക്ക് ശേഷം ഞാൻ എത്തിച്ചേർന്ന നിഗമനം, ഓഫീസിൽ നിന്ന് ഇറങ്ങാൻ ഏറ്റവും നല്ല സമയം ഓഫീസിൽ പോകാതിരിക്കുക എന്നത് തന്നെയാണ്! വർക്ക് ഫ്രം ഹോം ചെയ്യൂ! സമയം 3:20 ആയിട്ടേയുള്ളൂ, ഇവിടുത്തെ ട്രാഫിക് ഒന്നു നോക്കൂ!' എന്നാണ് കാവ്യ പറയുന്നത്.

View post on Instagram
 

'3 മണിക്കൂർ സമയവും എനർജിയും ഇന്ധനവുമാണ് പാഴായത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറലായ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചും നിരവധി ആളുകൾ രംഗത്തെത്തി. ബെംഗളൂരുവിലെ ഗതാഗതം പ്രവചനാതീതമാണെന്നും വർക്ക് ഫ്രം ഹോം തന്നെയാണ് ബെംഗളൂരു നഗരവാസികൾക്ക് ഏറ്റവും യോജിച്ച പരിഹാരമെന്നും പലരും അഭിപ്രായപ്പെടുന്നു.